നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തെ നയിക്കാന്‍ കേരളത്തിന് സാധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തെ നയിക്കാന്‍ കേരളത്തിന് സാധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചിന്റെ ഉദ്ഘാടനവും കോഴിക്കോട് ജില്ലാ നിപ വിമുക്ത പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

‘നിപ വൈറസ് മനുഷ്യരിലേക്ക് എങ്ങനെ പടരുന്നു എന്നതിന് ശാസ്ത്രീയമായ ഉത്തരം കണ്ടെത്തുന്നതിനോടൊപ്പം ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനത്തിനുമായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആരംഭിച്ചത്. മറ്റ് അനുബന്ധ വകുപ്പുകളെയും കൂടി ഏകോപിപ്പിച്ചു കൊണ്ട് മികച്ച ഒരു ഗവേഷണ സ്ഥാപനമായി ഇതിനെ മാറ്റും.’ കമ്മ്യൂണിറ്റി സര്‍വെയ്‌ലന്‍സിലൂടെ ശേഖരിക്കുന്ന ഡാറ്റകള്‍ അവലോകനം ചെയ്യുന്നതോടൊപ്പം നിപാ ഗവേഷണത്തില്‍ ലോകത്തെ നയിക്കാനുള്ള കേന്ദ്രമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. തോന്നയ്ക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജിയില്‍ ഉള്‍പ്പെടെ നിപ വൈറസ് ബാധ ചികിത്സിക്കുന്നതിനുള്ള മോണോക്‌ളോണല്‍ ആന്റിബോഡി തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

‘മികച്ച ചികിത്സയിലൂടെയും കൃത്യമായ നിരീക്ഷണം ഉള്‍പ്പെടെയുള്ള നടപടികളിലൂടെയും നിപ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചു. ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ മെഡിക്കല്‍ കോളേജ് ലാബില്‍ തന്നെ പരിശോധിക്കുവാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണ്.’ മികച്ച രീതിയില്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിലൂടെ രോഗവ്യാപനം തടയാനായതിന് കേന്ദ്ര സംഘത്തിന്റെ പ്രത്യേക അഭിനന്ദനം ലഭിച്ചതായും മന്ത്രി പറഞ്ഞു. ഒരുമയോടെയും ഐക്യത്തോടെയും നിപ പ്രതിരോധത്തിനായി പ്രവര്‍ത്തിച്ച കോഴിക്കോട്ടുകാര്‍ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. നിപ പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായവരെ ചടങ്ങില്‍ മന്ത്രി ആദരിക്കുകയും ചെയ്തു.

Top