പരിക്കേറ്റ എസ്എഫ്ഐ നേതാവ് അപർണക്ക് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി; ‘ഒരു ഭീഷണിക്ക് മുമ്പിലും വഴങ്ങാത്ത ധീര’

തിരുവനന്തപുരം: വിദ്യാർത്ഥി സംഘർഷത്തില്‍ ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എസ്എഫ്ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരിക്ക് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. വയനാട് മേപ്പാടി പോളിടെക്നിക്കിൽ ഉണ്ടായ സംഘർഷത്തിലാണ് അപർണക്ക് പരിക്കേറ്റത്. ‘ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങാത്ത ധീരയായ പെൺകുട്ടി’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

മേപ്പാടി പോളിടെക്നിക്ക് കോളേജിലെ ലഹരി മാഫിയ സംഘമാണ് എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണ ഗൗരിയെ ആക്രമിച്ചത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റത്. അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾ റിമാൻഡിലായി. മേപ്പാടി പോളിടെക്നിക്ക് കോളേജിലെ അലൻ ആൻ്റണി, മുഹമ്മദ് ഷിബിൽ, അതുൽ കെ ഡി, കിരൺ രാജ് എന്നിവരാണ് റിമാൻഡിലായത്. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവമടക്കം കണ്ടാലറിയാവുന്ന 40 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തെ തുടർന്ന് മേപ്പാടി പോളിടെക്നിക്ക് കോളേജ് അടച്ചിട്ടു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് 

വയനാട് മേപ്പാടി പോളിടെക്നിക് കോളജിൽ മയക്കുമരുന്ന് മാഫിയയുടെ നേതൃത്വത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ച എസ്എഫ്ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരി ധീരയാണ്. ഒരു ഭീഷണിക്ക് മുമ്പിലും വഴങ്ങാത്ത ധീര. അപർണ ഒറ്റക്കല്ല. ലഹരി മാഫിയക്കെതിരായ പോരാട്ടം ജനലക്ഷങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഈ മാഫിയക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ ശക്തികളെ ജനം തിരിച്ചറിയും.

Top