കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: തന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരവുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷം നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൂജപ്പുരയിലെ പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ പ്രതിപക്ഷം കാണാത്തത് കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും തോല്‍വി ഉണ്ടായതെന്ന് അദ്ദേഹം പരിഹസിച്ചു. തകര്‍ന്നുക്കൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ് കോണ്‍ഗ്രസെന്നും ജനം തെരഞ്ഞെടുത്ത് എംഎല്‍എ ആയ തന്നെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് മന്ത്രിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ബിജെപി നേതാവ് വി.വി രാജേഷിന്റെ പ്രസ്താവനയ്ക്കായിരുന്നു മറുപടി.

വി.വി രാജേഷിന്റെ ആ പ്രഖ്യാപനത്തിന് ഒരു വിലയും ഇല്ലെന്ന് തെളിഞ്ഞു. നേമത്തെ ജനം തെരഞ്ഞെടുത്തത് തന്നെയാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന് ചില മൂല്യങ്ങള്‍ ഉണ്ട്. ബിജെപി തന്റെ സ്വകാര്യ വസതിക്ക് മുന്നില്‍ സമരം നടത്തുന്നു. മന്ത്രിയുടെ സ്വകാര്യ വസതിക്ക് മുന്നില്‍ സമരം നടത്തുന്നത് ഇത് ആദ്യമായാണ്. ഇത് നേമത്തെ അക്കൗണ്ട് പൂട്ടിച്ചത്തിലെ പ്രതികാരമാണെന്നും ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

Top