നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിലെത്തി. മുഖ്യമന്ത്രി , സ്പീക്കര്‍ അടക്കമുള്ളവര്‍ ഗവര്‍ണറെ സഭയിലേക്ക് ആനയിച്ചു. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു.

മന്ത്രി വി.അബ്ദുറഹ്മാന്‍, നെന്മാറ എംഎല്‍എ കെ. ബാബു എന്നിവര്‍ ഇന്ന് സ്പീക്കര്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സമ്മേളനത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം 3 എംഎല്‍എമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കൊവിഡ് ബാധിതനായി വിശ്രമത്തില്‍ കഴിയുന്ന എം.വിന്‍സന്റ് എംഎല്‍എ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും വികസനത്തിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന നയപ്രഖ്യാപനത്തില്‍ കൂടുതല്‍ പ്രാധാന്യം ആരോഗ്യ മേഖലയ്ക്ക് തന്നെയായിരിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനം, എല്ലാവര്‍ക്കും പാര്‍പ്പിടം, അതിവേഗ സിവില്‍ ലൈന്‍ പാത, കെ ഫോണ്‍, സ്മാര്‍ട്ട് കിച്ചണ്‍ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടും.

ആരോഗ്യ,ജനക്ഷേമ പ്രവര്‍ത്തനം ഉള്‍ക്കൊള്ളുന്ന പ്രഖ്യാപനങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ പ്രതീക്ഷിക്കുന്നത്.നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും, ലക്ഷദ്വീപ് വിഷയത്തിലും പ്രതികരണം ഉണ്ടായേക്കും.

Top