മസാല ബോണ്ടുകള്‍ക്ക് ലാവ്ലിനുമായി ബന്ധമില്ല; ചെന്നിത്തലയുടെ ആരോപണം തള്ളി ധനമന്ത്രി

thomas-issac

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മസാല ബോണ്ട് പിരിച്ചത് ചട്ടങ്ങള്‍ അനുസരിച്ചാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത് പോലെ സി.ഡി.പി.ക്യു കമ്പനിക്ക് ലാവ്ലിനുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യയില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള കമ്പനിയാണ് സി.ഡി.പി.ക്യൂ. ഈ കമ്പനിയെ കനേഡിയന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ അമ്പരന്നത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബി.ജെ.പി ആരോപണമാണ് ചെന്നിത്തല ഏറ്റുപിടിച്ചതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബി വിദേശത്തുനിന്ന് മസാലബോണ്ട് വഴി 2150കോടി സമാഹരിച്ചത് കരിമ്പട്ടികയില്‍ പെടുത്തിയ ലാവ്ലിനുമായി ബന്ധമുള്ള കമ്പനിയില്‍ നിന്നാണെന്ന ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബി വിദേശത്തുനിന്ന് മസാലബോണ്ട് വഴി 2150കോടി സമാഹരിച്ചത് കരിമ്പട്ടകയില്‍ പെടുത്തിയ ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയില്‍ നിന്നാണെന്നാണ് ചെന്നിത്തല ആരോപിച്ചത്. ലാവ്‌ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യൂ കമ്പനിയില്‍ നിന്ന് മസാല ബോണ്ട് വാങ്ങിയതിലെ കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണം. കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനി മസാല ബോണ്ടില്‍ കടന്നുവന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണം. ലാവ്‌ലിന്‍ കമ്പനിയുമായി പുതിയ ഇടപാട് എങ്ങനെയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം എന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.

Top