ബിസ്‌കറ്റ് വലിച്ചെറിഞ്ഞ മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി കുമാരസ്വാമി

ബെംഗളൂരു : കര്‍ണാടകയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് ബിസ്‌കറ്റ് പാക്കുകള്‍ ക്യാമ്പില്‍ കഴിയുന്നവരുടെ നേരെ വലിച്ചെറിഞ്ഞ കര്‍ണാടക പൊതുമരാമത്ത് മന്ത്രി എച്ച്.ഡി.രേവണ്ണയെ പിന്തുണച്ച് മുഖ്യമന്ത്രി കുമാരസ്വാമി. രേവണ്ണയുടെ സഹോദരന്‍ കൂടിയാണ് കുമാരസ്വാമി.

മന്ത്രി ബിസ്‌ക്കറ്റ് പായ്ക്കറ്റുകള്‍ വലിച്ചെറിയുന്നതിന്റെ വിഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ക്യമ്പിലെ സ്ഥലപരിമിതി മൂലമാണു മന്ത്രി അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനായതെന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം.

കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രേവണ്ണ ബിസ്‌കറ്റ് പാക്കുകള്‍ ഓരോന്നായി സ്ത്രീകളും കുട്ടികളുമടങ്ങിയ ദുരിത ബാധിതര്‍ക്കിടയിലേക്ക് വലിച്ചെറിയുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണാടകയിലെ നിരവധി ജില്ലകള്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിലാണ്.

രേവണ്ണയുടെത് സംസ്‌കാരശൂന്യമായ പ്രവൃത്തിയാണു മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ അഹംഭാവത്തെയാണു സൂചിപ്പിക്കുന്നതെന്നും മുതിര്‍ന്ന ബിജെപി നേതാവ് എസ്.സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.

Top