കൊറോണയ്‌ക്കെതിരെ വ്യാജ വാര്‍ത്ത; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. രണ്ട് സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. ആറുപേരെക്കൂടി നിരീക്ഷിക്കുന്നുണ്ടെന്നും അവരും ഉടന്‍ അറസ്റ്റിലാകുമെന്നും മന്ത്രി സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും വര്‍ഗീയ പ്രചാരണം നടത്താനും ഏത് വ്യക്തി ശ്രമിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്താക്കി. ഇതോടെ സംസ്ഥാനത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മന്ത്രി എ.സി മൊയ്തീനൊപ്പമാണ് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്.

കൊറോണ ആദ്യമായി സ്ഥിരീകരിച്ച ശേഷം തൃശ്ശൂരില്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെല്ലാം മണിക്കൂറുകള്‍ക്കം തന്നെ ആലപ്പുഴയിലും ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ 22പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ മെഡിക്കല്‍ കോളേജുകളിലും ഏഴുപേരെ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 30 സാമ്പിളുകള്‍ ആലപ്പുഴയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 152 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. തൃശ്ശൂര് ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

Top