‘എടപ്പാള്‍ ഓട്ടം ഇനി മേല്‍പാലത്തിലൂടെ’; ട്രോള്‍ പോസ്‌റ്റുമായി മന്ത്രി ശിവന്‍കുട്ടി

മലപ്പുറം: എടപ്പാള്‍ നിവാസികളുടെ ഏറെനാളത്തെ ആഗ്രഹമായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നാളെയാണ്. സുമേഷ് എടപ്പാളിന്റെ ഓട്ടത്തിന്റെ ചിത്രം എടപ്പാള്‍ മേല്‍പ്പാലത്തിന് മുകളില്‍ വച്ച് ട്രോളുമായി എത്തിയിരിക്കുകയാണ് ഇതിനിടെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ‘എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ’ എന്ന തലവാചകവുമായാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ശബരിമല യുവതിപ്രവേശത്തിനെതിരായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ എടപ്പാളില്‍ പൊലീസ് നടപടിയുണ്ടായിരുന്നു. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ചിതറിയോടിയത് സമൂഹമാദ്ധ്യമങ്ങളില്‍ ‘എടപ്പാള്‍ ഓട്ടം’ എന്നറിയപ്പെട്ടു.

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ വളരയെധികം തിരക്കുണ്ടാകുന്ന പ്രധാന ജംഗ്ഷനാണ് എടപ്പാള്‍. ഇവിടുത്തെ തിരക്കിന് പരിഹാരമാകും പുതിയ മേല്‍പ്പാലമെന്ന് കരുതുന്നു. കിഫ്ബി വഴി 13.6 കോടി ചിലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. ശനിയാഴ്ച രാവിലെ 10ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പാലം നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനശേഷം നടക്കുന്ന പൊതുപരിപാടിയില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി.അബ്ദുറഹ്മാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എംഎല്‍എമാരായ പി.നന്ദകുമാര്‍, ആബീദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. കെ.ടി ജലീല്‍ എംഎല്‍എ അദ്ധ്യക്ഷനാകും.

Top