കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദര്‍ശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയര്‍മാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാസ്‌കോട്ട് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാര്‍ക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയില്‍ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികള്‍ ഉള്‍പ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിച്ച് ഈ മേഖലയില്‍ കെ എസ് ആര്‍ ടി സിയുടെ ഇലക്ട്രിക് ബസുകള്‍ വഴി സന്ദര്‍ശകര്‍ക്ക് സൗജന്യയാത്ര ഒരുക്കും. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍നിന്ന് റെഡ്സോണിലേക്കു കെ എസ് ആര്‍ ടി സി ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

വിനോദ സഞ്ചാരികളെക്കൂടി ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേരളീയത്തിന് മാധ്യമങ്ങള്‍ നല്‍കണമെന്ന് ഭക്ഷ്യ – സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കേരളീയം കണ്‍വീനര്‍ എസ്. ഹരികിഷോര്‍ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച അവതരണം നടത്തി. കേരളീയം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായ ഐ ബി. സതീഷ് എം എല്‍ എ, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ഐപിആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Top