ഭരണഘടനയുടെ കാവലാളായി നാം മാറണം: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ഭരണഘടന സംരക്ഷിച്ചു നിർത്തേണ്ട ബാധ്യത നമുക്കെല്ലാമുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. ഭരണഘടന അട്ടിമറിക്കാൻ പല തലത്തിലും ശ്രമങ്ങൾ നടക്കുന്നു. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാം മാറണമെന്നും മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തൊക്കെ പോരായ്മകൾ ഏതൊക്കെ തലത്തിൽ ഉണ്ടായാലും ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തിൽ നമ്മുടെ ഭരണഘടനാ ശിൽപ്പികൾ നിഷ്‌കർഷ പുലർത്തിയിരുന്നു. ആ നിഷ്‌കർഷ ഭരണഘടനയിൽ പ്രതിഫലിക്കുകയും ചെയ്തു.

എന്നാൽ ഇന്ന് ആ ഭരണഘടന അട്ടിമറിക്കാനുള്ള സാഹചര്യങ്ങൾ നടക്കുകയാണ്. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നിലയുറപ്പിക്കാമെന്ന് ഈ ദിനത്തിൽ പ്രതിജ്ഞ ചെയ്യാമെന്ന് പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ആഹ്വാനം ചെയ്തു.

Top