‘ഇത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല, ജനങ്ങളുടെ പ്രശ്‌നമാണ്’; സജി ചെറിയാന്‍

ഡല്‍ഹി: കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘ചലോ ദില്ലി’ പ്രതിഷേധത്തില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം അങ്ങേയറ്റം അവണനയാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളും ഡല്‍ഹിയില്‍ വന്ന് സമരം ചെയ്യേണ്ട സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിമാരും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും രാഷ്ട്രീയ നേതാക്കന്മാരും ഡല്‍ഹിയില്‍ വന്ന് സമരം ചെയ്യേണ്ട സാഹചര്യം എന്താണെന്നാണ് പരിശോധിക്കേണ്ടത്. കേരളത്തിലെ കാര്യം മാത്രം എടുത്തു നോക്കിയാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം സംസ്ഥാനത്തിന് ലഭിക്കേണ്ട 60,000 കോടിയിലധികം രൂപ തരാതിരിക്കുകയാണ്. അതിന് എന്ത് ന്യായമാണ് കേന്ദ്രത്തിന് പറയാനുള്ളത്.പറയുന്ന ന്യായമൊന്നും അംഗീകരിക്കാനാകുന്നതുമല്ല.മുന്‍പ് ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങളൊന്നും ഇപ്പോള്‍ കിട്ടുന്നില്ല എന്നതിനെ എങ്ങനെ ന്യായീകരിക്കും.

42,000 കോടി രൂപ കടം തന്നിരുന്നിടത്ത് ഓറ്റയടിക്കാണ് 21,000 കോടി രൂപ കുറച്ചത്. അത് കേരളത്തിലെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കി. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന സഹായം 15-ാം ധനകാര്യ കമ്മീഷന്റെ കാലത്തെത്തുമ്പോള്‍ 1.93 ആയി വെട്ടിക്കുറച്ചപ്പോള്‍ 18,000 കോടി രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തിന് ലഭിക്കേണ്ട പണം താരതെ പോകുമ്പോള്‍ സ്വാഭാവികമായി ധനകാര്യ മന്ത്രിയോടും പ്രധാന മന്ത്രിയോടും ഗവണ്‍മന്റിനോടും ആവശ്യപ്പെടും. അങ്ങനെ, നിരവധി തവണ ആവശ്യപ്പെട്ടിട്ടും സഹായകരമായ നിലപാടല്ല കേന്ദ്രം സ്വീകരിച്ചത്, സജി ചെറിയാന്‍ പറഞ്ഞു.

പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് വിട്ടുനിന്നതിനെ കുറിച്ചും മന്ത്രി വിമര്‍ശിച്ചു. ഇത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല, ജനങ്ങളുടെ പ്രശ്‌നമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിനോടും പറഞ്ഞത് സമരത്തിന് ഡല്‍ഹിയിലേക്ക് ഒരുമിച്ച് പോകാമെന്ന്. പക്ഷെ അവരത് നിഷേധിച്ചു. എല്ലാം ബഹിഷ്‌കരിക്കുന്ന ഒരു പ്രതിപക്ഷത്തിന് ഇതും ബഹിഷ്‌കരിക്കണം എന്ന കാഴ്ച്ചപ്പാടാണ് ഉണ്ടായത്. കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുക്കില്ല എന്നത് കൊണ്ട് ദേശീയ തലത്തില്‍ ഉയര്‍ന്നു വന്ന ഈ പ്രശ്‌നത്തിന്റെ പ്രാധാന്യം കുറയുന്നില്ല. ഞങ്ങള്‍ സമരം ചെയ്യുന്നതിന് മുന്‍പ് തന്നെ ഞങ്ങളുയര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടക സമരം ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവ് കൂടി പങ്കെടുത്തിരുന്നെങ്കില്‍ സമരത്തിന്റെ മാനം തന്നെ മറ്റൊന്നായേനെ. സമരത്തെക്കുറിച്ച് ഇടതുപക്ഷ മുന്നണി സംസാരിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി എന്ന നിലയില്‍ സര്‍ക്കാരിന്റെ ഭാഗമായി അദ്ദേഹം സംസാരിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനോടാണ്. സഹകരിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു, ആലോചിക്കാമെന്ന് പറഞ്ഞു, പിന്നീട് അത് നിഷേധിച്ചു.

ഇത് കേരളത്തിന്റെ ഒരു പൊതു പ്രശ്‌നമാണ്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പ്രശ്‌നമാണ്. അതുകൊണ്ടാണല്ലോ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തി സമരം ചെയ്തത്. ബിജെപിക്കെതിരായ ഒരു രാഷ്ട്രീയ മുന്നേറ്റം നടത്തേണ്ട സമയത്ത് ഒരു സംസ്ഥാന രാഷ്ട്രീയത്തിന്റെ മാത്രം സങ്കുചിതാവസ്ഥയില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ നീക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ത്യയുടെ ഭാവിയെ കുറിച്ച് യാതൊരു പ്രതീക്ഷയുമില്ല. ഇത് പിണറായി വിജയന്‍ ഗവണ്‍മെന്റിന്റെ കാര്യമെന്നുള്ള തരത്തിലാണ് എടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top