‘ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ല, ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാം’: സജി ചെറിയാന്‍

തിരുവനന്തപുരം: അയോധ്യ പരാമര്‍ശത്തില്‍ ഗായിക കെഎസ് ചിത്രയ്ക്ക് നേരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവര്‍ക്ക് പോകാം, വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ല. ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും സുധാകരന്‍ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വീടുകളില്‍ ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമര്‍ശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. പരാമര്‍ശം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മന്ത്രി.

എം ടി വാസുദേവന്‍ നായര്‍ക്ക് അഭിപ്രായം പറയാന്‍ അധികാരമുണ്ട്. ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി സുധാകരന്റെ പരാമര്‍ശത്തില്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിലെ വ്യക്തി ആരാധനയെ വിമര്‍ശിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ രംഗത്തെത്തുകയായിരുന്നു. സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം ആലപ്പുഴയില്‍ ഒരു പൊതുപരിപാടിയിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എംടിയെ ചാരി ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുകയാണ്. ചിലര്‍ക്ക് നേരിയ ഇളക്കമാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

Top