തീയറ്ററുകള്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്ററുകളില്‍ തിരക്ക് ഒഴിവാക്കാനുള്ള സംവിധാനമുണ്ടാക്കും. തീയറ്റര്‍ ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിന്റേത്. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

‘രണ്ട് വര്‍ഷമായി സംസ്ഥാനത്തിന്റെ ഉത്പാദന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഐഎംഎയുടെ അഭിപ്രായം ശാസ്ത്രീയമായി ശരിയായിരിക്കാം. അതിനാലാണ് പ്രോട്ടോക്കോള്‍ പാലിച്ച് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തീയറ്റര്‍ തുറക്കാന്‍ തീരുമാനിച്ചത്.

അനന്തമായി തീയറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിടാന്‍ സാധിക്കില്ല. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കും. വിനോദ നികുതി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ആശങ്കയുണ്ട്.അതെല്ലാം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് തീരുമാനമെടുക്കും’. മന്ത്രി പറഞ്ഞു.

 

Top