കെ റെയിൽ യാഥാർഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ലെന്ന് മന്ത്രി സജി ചെറിയാൻ

കോട്ടയം : കെ റെയിൽ യാഥാർഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ലെന്നു സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. നവകേരള സദസിലെ വൈക്കം ബീച്ച് മൈതാനത്തെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭവനം എന്നത് ഇന്ത്യയിൽ യാഥാർഥ്യമാകാൻ പോകുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആറായിരത്തോളം അധ്യാപകരെ പുതിയതായി നിയമിച്ചു. ശബരിമല വിമാനത്താവളം, കൊച്ചി ഗ്രീൻ ഹൈഡ്രജൻ പാർക്ക്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, തീരദേശ ഹൈവേക്കായി സ്ഥലമേറ്റെടുപ്പ്, ദേശീയപാത വികസനം, മലയോര ഹൈവേ തുടങ്ങിയ പദ്ധതികൾ കേരളത്തിൽ ഇനി യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.

20 ലക്ഷം ദരിദ്ര കുടുംബങ്ങൾക്കാണു സംസ്ഥാനത്തു സൗജന്യമായി കെ-ഫോണിലൂടെ ഇന്റർനെറ്റ് സേവനം നൽകുന്നത്. 2016 മുതൽ ഐടി മേഖലയിൽ വൻ കുതിപ്പാണു നടക്കുന്നത്. 2022ൽ ഐടി മേഖലയിലെ കയറ്റുമതി 17536 കോടിയായി. 1106 ഐടി കേന്ദ്രങ്ങൾ സംസ്ഥാനത്തു പുതിയതായി ആരംഭിച്ചു. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ സർക്കാർ മാറ്റി. 2,83,400 തൊഴിൽ അവസരങ്ങൾ സർക്കാർ സൃഷ്ടിച്ചു. കേരളത്തിലെ റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു. എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുന്ന സർക്കാരാണു കേരളത്തിലുള്ളത്. എല്ലാ പ്രതിസന്ധികളെയും അവഗണിച്ചു കൊണ്ട് വിപ്ലവകരമായ മാറ്റത്തിനാണു നവകേരളം സാക്ഷിയാകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

വാഴൂർ 110 കെവി സബ് സ്റ്റേഷൻ ഈ വർഷം തന്നെ കമ്മിഷൻ ചെയ്യുമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈക്കം ബീച്ചിലെ നവകേരള സദസിന്റെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെവി സബ്‌സ്റ്റേഷൻ കുറവിലങ്ങാടു സ്ഥാപിച്ചു. എരുമേലിയിൽ 110 കെവി സബ്സ്റ്റേഷൻ സ്ഥാപിച്ചു. കുറവിലങ്ങാട്, കൂത്താട്ടുകുളം സബ്സ്റ്റേഷനുകൾ 66 കെവിയിൽനിന്നും 110 കെവിയിലേക്ക് ഉയർത്തി. കോട്ടയം ജില്ലയിലെ മലയോരപ്രദേശത്തും ഉൾപ്രദേശങ്ങളിലും നല്ല വോൾട്ടേജിൽ വൈദ്യുതി എത്തിക്കാനും കൂടുതൽ കണക്ഷനുകൾ നൽകാനും സാധിച്ചു. ദീർഘകാലമായി മുടങ്ങിക്കിടന്ന ഇടമൺ കൊച്ചി 400 കെവി പവർ ഹൈവേ സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു പ്രാവർത്തികമായി. അതോടെ പവർകട്ട് കുറയ്ക്കാനും കൂടുതൽ വോൾട്ടേജ് നൽകാനും സാധിച്ചു.

സംസ്ഥാനത്തെ വൈദ്യുതിയുടെ 33 ശതമാനം മാത്രമാണ് നാം ഉത്പാദിപ്പിക്കുന്നത്. കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടികളാണു സർക്കാർ ചെയ്യുന്നത്. 2340 മെഗാവാട്ട് ശേഷിയുള്ള നാലു പദ്ധതികളാണു സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള ജലാശയങ്ങളെ ഉപയോഗിച്ചുകൊണ്ട് അധിക വൈദ്യുതിയുടെ ആവശ്യം നിറവേറ്റുന്ന 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കിയുടെ രണ്ടാം ഘട്ടം, 700 മെഗാവാട്ട് ശേഷിയുള്ള ഇടുക്കിയുടെ പമ്പ് സ്റ്റോറേജ് പദ്ധതി, 600 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ പമ്പ് സ്റ്റോറേജ് പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി പദ്ധതി എന്നിവയാണവ. പള്ളിവാസൽ വിപുലീകരണ പദ്ധതി മേയ് 21 നുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

വൈക്കം നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകളും ഈ സർക്കാർ ഭരണം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ സ്മാർട്ട് ആകുമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. വടക്കേ മുറി, തലയാഴം, കുലശേഖരം, വെച്ചൂർ എന്നിവിടങ്ങളിലെ നാല് വില്ലേജ് ഓഫിസുകൾ സ്മാർട്ടായി. കേരളത്തിലെ ഡിജിറ്റൽ റീസർവേ ഏഴുമാസം കൊണ്ട് 1,77,000 ഹെക്ടർ പൂർത്തിയാക്കി. വൈക്കം നിയോജകമണ്ഡലത്തിൽ ഒൻപതു വില്ലേജുകളിലായി ഏഴ് മാസം കൊണ്ട് 5790 ഹെക്ടർഭൂമി അളന്നുതിട്ടപ്പെടുത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ രാജീവ് ദശലക്ഷം കോളനിയിലെ താമസക്കാരായ മുഴുവൻ ആളുകൾക്കും പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.

Top