കാസര്‍ഗോഡ് ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് റവന്യൂ മന്ത്രി

കാസര്‍കോട്: കാസര്‍ഗോഡ് ജില്ലയില്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാസര്‍ഗോഡ് ഗവ. ഗസ്റ്റ് ഹൗസില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹം. ഓക്‌സിജന്‍ സിലിണ്ടര്‍ ദൗര്‍ലഭ്യം ഓക്‌സിജന്‍ ബെഡ്, വെന്റിലേറ്റര്‍ അപര്യാപ്തത എന്നിവ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായും പരിഭ്രാന്തി വേണ്ടെന്നും മന്ത്രി അറിയിച്ചു.

ജില്ലയില്‍ ഓക്‌സിജന്‍ പ്രതിസന്ധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് വന്ന സമയത്ത് ജില്ലാ കളക്ടര്‍, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായെല്ലാം ആശയവിനിമയം നടത്തിയതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്ന് കാസര്‍ഗോഡേക്ക് ഓക്‌സിജന്‍ എത്തിക്കുവാന്‍ സാധിച്ചു. ജില്ലാ കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ഓക്‌സിജന്‍ ചാലഞ്ചിലൂടെ 150 ഓക്‌സിജന്‍ സിലിണ്ടറുകള്‍ കഴിഞ്ഞ ദിവസം ലഭിച്ചു. വീണ്ടും 150 സിലിണ്ടറുകള്‍ കൂടി ലഭിച്ചാല്‍ ജില്ലയ്ക്ക് അത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വാങ്ങുന്ന സിലിണ്ടറുകള്‍ സര്‍ക്കാര്‍ വാങ്ങുന്ന സിലിണ്ടറുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Top