ഇടുക്കി ഡാമില്‍ തുറന്നുവിടുക സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം, അതീവ ജാഗ്രത !

IDUKKI-DAM

എറണാകുളം: മഴ തുടരാനുള്ള സാധ്യത പരിഗണിച്ചാണ് ഇടുക്കി ഡാം തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടും. ആശങ്കയുടെ ആവശ്യമില്ലെന്നും മുന്‍കരുതല്‍ നടപടികളാണ് കൈക്കൊള്ളുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ രാവിലെ 11നാണ് തുറക്കുക. നീരൊഴുക്ക് ശക്തമായതോടെയാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചത്. ഒരു ഷട്ടര്‍ 100 സെന്റിമീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവും ഉയര്‍ത്തും.

നാളെ രാവിലെ 7 മണിക്ക് ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് ആയ 2398.86 അടിയിലെത്തുമെന്നാണ് വിലയിരുത്തല്‍. വെള്ളം തുറന്നുവിട്ട് ജലനിരപ്പ് 2,395 അടിയിലേക്ക് താഴ്ത്തി നിര്‍ത്തുകയാണ് ലക്ഷ്യം.

ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ നേരിട്ട് ബാധിക്കാനിടയുള്ള 64 കുടുംബങ്ങളിലെ 222 പേരെ ഒഴിപ്പിക്കും. ഇടുക്കിയില്‍ നിന്ന് വെള്ളം ഒഴുകിവരുന്ന പ്രദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് പ്രത്യേക ജാഗ്രത വേണമെന്നും അറിയിപ്പുണ്ട്.

Top