കരാറുകാരന് കുടപിടിച്ച് വമ്പന്‍ തിരിമറിക്ക് നീക്കം; അസിസ്റ്റന്റ് എഞ്ചിനിയറെ കയ്യോടെ പിടികൂടി മന്ത്രി റിയാസ്

എരുമേലി: കരാറുകാരന് കുടപിടിച്ച് റോഡ് നിര്‍മ്മാണത്തില്‍ തിരിമറി നടത്താന്‍ ശ്രമിച്ച അസിസ്റ്റന്റ് എഞ്ചിനിയറെ സസ്‌പെന്‍ഡ് ചെയ്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡിഫക്റ്റ് ലയബിലിറ്റി പിരിയഡിലുള്ള റോഡും പാര്‍ശ്വഭിത്തിയും തകര്‍ന്നതിന്റെ നിര്‍മ്മാണം മറ്റൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ശുപാര്‍ശ ചെയ്ത സംഭവത്തിലാണ് അസിസ്റ്റന്റ് എഞ്ചിനിയറെ സസ്‌പെന്‍ഡ് ചെയ്തത്.

മലയോര ഹൈവേയുടെ ഭാഗമായ പുനലൂര്‍-അഞ്ചല്‍ റോഡില്‍ പിറക്കല്‍ ഭാഗത്ത് തകര്‍ന്ന റോഡും ഇടിഞ്ഞു വീണ പാര്‍ശ്വഭിത്തിയും കരാറുകാരനെ കൊണ്ട് പുനര്‍നിര്‍മ്മാണം നടത്താതെ പിന്നീട് ശബരിമല പാക്കേജിലേക്ക് നിര്‍ദ്ദേശിച്ച സംഭവത്തിലാണ് മന്ത്രിയുടെ നടപടി.

പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പി എ മുഹമ്മദ് റിയാസ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. നിര്‍മ്മാണത്തിലെ വീഴ്ചകള്‍ക്ക് കാരണക്കാരായ അന്നത്തെ അസി.എക്‌സി.എഞ്ചിനീയര്‍ക്കെതിരെയും (റിട്ടേര്‍ഡ് ) കെ.ആര്‍. എഫ്.ബി യുടെ പ്രൊജക്ട് ഡയറക്ടര്‍ (റിട്ടേര്‍ഡ്) ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

മന്ത്രി സെപ്തംബര്‍ 24 ന് പാര്‍ശ്വഭിത്തി തകര്‍ന്ന സ്ഥലം നേരിട്ട് സന്ദര്‍ശിച്ചിരുന്നു. തകര്‍ന്ന ഭാഗത്തെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കിടയിലാണ് റോഡ് ശബരിമല പദ്ധതിയില്‍ നിര്‍ദ്ദേശിച്ചതായി മറുപടി ലഭിച്ചത്. എന്നാല്‍ ഈ റോഡ് ഡിഫക്ട് ലയബിലിറ്റി പിരിയഡില്‍ ഉള്‍പ്പെട്ടതാണെന്ന് മനസിലാക്കിയ മന്ത്രി വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

2023 ഡിസംബര്‍ മാസം വരെ ഡി എല്‍ പി ഉള്ള റോഡിന്റെ പാര്‍ശ്വഭിത്തി കരാറുകാരന്റെ ചിലവില്‍ തന്നെ പുനര്‍നിര്‍മ്മിക്കേണ്ടതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കരാറുകാരന്‍ അത് ചെയ്യാന്‍ വിസമ്മതിച്ചാല്‍ കെ ആര്‍ എഫ് ബി പ്രവൃത്തി നടത്തി ചിലവഴിക്കേണ്ടി വന്ന തുക കരാറുകാരനില്‍ നിന്നും തിരിച്ചു പിടിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റോഡ് നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ കൃത്യമായി ഡിസൈന്‍ ചെയ്യുന്നതിലും വീഴ്ച സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. നിര്‍മ്മാണവേളയില്‍ അപാതക കണ്ടെത്തിയിട്ടും അത് കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിലും ഉദ്യോഗസ്ഥതല വീഴ്ച ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടപടി. നിലവില്‍ പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മാണത്തിന് 76.7 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.

Top