സര്‍ക്കാരിന്റെ നയം സമഗ്ര വികസനം; ആശങ്ക വേണ്ടെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: വടകര മണ്ഡലത്തിലെ എടച്ചേരി-കരിയാട് ഭാഗങ്ങളെ ബന്ധിപ്പിച്ച് പാലം നിര്‍മ്മാണത്തിലെന്ന് നിയമസഭയില്‍ പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകര മണ്ഡലത്തിലെ ഏറാമലയേയും, നാദാപുരം മണ്ഡലത്തിലെ എടച്ചേരിയേയും, കൂത്തുപറമ്പ് മണ്ഡലത്തിലെ കരിയാടിനേയും ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മാണത്തെക്കുറിച്ച് എംഎല്‍എ കെ കെ രമ ഉന്നയിച്ച സബ്മിഷനിലാണ് മന്ത്രി റിയാസ് ഇത് സംബന്ധിച്ച മറുപടി നല്‍കിയത്.

2016 ല്‍ തുരുത്തി മുക്കില്‍ പാലം നിര്‍മ്മിക്കുന്നതിന് തത്വത്തില്‍ ഭരണാനുമതി നല്‍കിയിരുന്നു. വൈ മോഡല്‍ പാലത്തിനുള്ള ഡിസൈനിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, പാലം ഉള്‍നാടന്‍ ജലപാതയില്‍ ഉള്‍പ്പെട്ടതിനാല്‍ സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നു. ജലപാതയ്ക്ക് ആവശ്യമായ വെര്‍ട്ടിക്കല്‍ ആന്റ് ഹൊറിസോണ്ടല്‍ ക്ലിയറന്‍സ് ആവശ്യമാണെന്ന് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചു. അതിനാല്‍ തന്നെ, വൈ മോഡല്‍ പാലം നിര്‍മ്മാണം വിഷമകരമാകും എന്ന വിലയിരുത്തലിലാണ് വകുപ്പ് എത്തിച്ചേര്‍ന്നത്. അതേതുടര്‍ന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള വൈമോഡല്‍ പാലം എന്നത് ഒഴിവാക്കി എടച്ചേരി- കരിയാട് ഭാഗങ്ങളെ ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ പാലം നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി.

മാത്രമല്ല, ഏറാമലയേയും എടച്ചേരിയേയും ബന്ധിപ്പിക്കുന്ന പുതിയപാലം എന്ന ആവശ്യം പരിശോധിക്കാവുന്നതാണെന്നും, 140 മണ്ഡലങ്ങളിലും ഒരുപോലെ വികസനം സാധ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. പൊതുമരാമത്ത് വകുപ്പും അതേ നിലപാടുമായാണ് മുന്നോട്ടു പോകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Top