പഴകുറ്റി-മംഗലപുരം റോഡ് നവീകരണം ഉടനെയെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: വാട്ടര്‍ അതോററ്റി റോഡ് കുഴിക്കുന്നത് സംബന്ധിച്ച് മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നിര്‍മ്മാണത്തില്‍ പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് നേരിട്ട് വിളിച്ച് പരാതിയറിയിക്കാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ പൊളിഞ്ഞുകിടക്കുന്ന പഴകുറ്റി -മംഗലപുരം റോഡ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

പഴകുറ്റി-മംഗലപുരം റോഡ് നവീകരണം 2022 അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രെയിനേജ് സംവിധാനത്തോടെയുള്ള റോഡാകും നിര്‍മ്മിക്കുക. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് 119 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും മഴ മാറിയാല്‍ അടുത്ത ദിവസം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികളാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ റോഡുകളിലും കരാറുകാരുടെ പേരും പരിപാലന കാലാവധിയും നമ്പറുമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. മഴക്കാലത്തും റോഡ് പണി നടത്തുന്നതിനെ കുറിച്ചുളള പരിശോധനകള്‍ നടക്കുകയാണ്. ഇതിനായി മലേഷ്യയിലെ സാങ്കേതിക വിദ്യ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

മിന്നല്‍ പരിശോധനകളുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച റിയാസ്, ട്രോളുകള്‍ കാണാറില്ലെന്നും നോക്കാന്‍ സമയമില്ലെന്നും പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ പ്രഖ്യാപനം നടത്തി അകത്തിരിക്കാന്‍ കഴിയില്ല. പരിശോധനകള്‍ ജനം അറിയണം. അതിന് ശേഷമുണ്ടാകുന്ന മാറ്റവും ജനങ്ങള്‍ അറിയണം. ഇനിയും പരിശോധനയുണ്ടാകുമെന്നും പ്രഖ്യാപനങ്ങള്‍ നടത്തി മന്ത്രി കൈയും കെട്ടിയിരുന്നാല്‍ മതിയാകില്ലെന്നും റിയാസ് പറഞ്ഞു.

Top