ആര്‍എസ്എസ് ഏജന്റുമാർ കോൺഗ്രസിലുണ്ടോയെന്ന് പരിശോധിക്കണമെന്ന് റിയാസ്

പാലക്കാട്: അന്ധമായ എൽഡിഎഫ് സ‍ക്കാർ വിരുദ്ധത ബിജെപി സംസ്ഥാന ഘടകം നടപ്പാക്കുന്നതിനേക്കാൾ ഭം​ഗിയായാണ് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കന്മാർ കോൺ​ഗ്രസ് പാർട്ടിയെ നയിച്ചുകൊണ്ട് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആർഎസ്എസ് ഏജന്റുമാരായി കോൺ​ഗ്രസിലെ ചില നേതാക്കൻമാർ പ്രവർത്തിക്കുന്നുണ്ടോ എന്നത് മതനിരപേക്ഷ കോൺ​ഗ്രസ് പരിശോധിക്കണം. ഇതേ കുറിച്ച് കോൺ​ഗ്രസിലും അഭിപ്രായം ഉയർന്നുവരുന്നുണ്ട്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയത്തെ അങ്ങനെ തന്നെ നേരിടാനുള്ള മാന്യത കാണിക്കണം. മറ്റു ചില നീക്കങ്ങൾ നടത്തിയാലൊന്നും ഒരടി പിന്നോട്ട് പോകുന്നവരല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

താൻ മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർഥ്യം അല്ലേയെന്ന് റിയാസ്. മരുമകൻ എന്ന വിളിയിൽ യാതൊരു പ്രശ്നവുമില്ല. ‘ആരോപണങ്ങൾ ഉയരുമ്പോൾ പേടിച്ച് വീട്ടിലിരിക്കുന്നവർ അല്ല ഞങ്ങൾ’. അത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഇങ്ങനെ വിമർശനം ഉന്നയിക്കുന്നവർക്ക് ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാനാണ് തോന്നാറെന്നും റിയാസ് പറഞ്ഞു.

സഭ നടത്താതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാറിന് എതിരായ ഒന്നും പ്രതിപക്ഷ നേതാവ് പറയുന്നില്ല. കേരള സർക്കാറിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം. സഭ നല്ല രീതിയിൽ നടക്കണമെന്ന് പ്രതിപക്ഷത്തിന് ഒരു താൽപ്പര്യവുമില്ല. കെകെ രമയ്ക്ക് എതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട്. ചർച്ച വേണോയെന്ന് പ്രതിപക്ഷമാണ് തീരുമാനിക്കേണ്ടത്. വാച്ച് ആൻഡ് വാർഡുകൾക്ക് ക്രൂരമായ മർദ്ദനമേറ്റ സാഹചര്യമുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

 

Top