‘ജയ്ഭീം’ മികച്ച സിനിമ, അനീതിക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തിയുടെ ആവിഷ്‌ക്കാരമെന്ന് റിയാസ്

തിരുവനന്തപുരം: തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ ‘ജയ് ഭീം’ ചിത്രത്തെ പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദം റിയാസ്. സാഹചര്യങ്ങളെല്ലാം എതിരായി നില്‍ക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്‌ക്കാരമാണ് ‘ജയ് ഭീം’ എന്ന് റിയാസ് ചൂണ്ടിക്കാട്ടി.

സാധാരണ മനുഷ്യര്‍ നടത്തുന്ന ചെറുത്തു നില്‍പ്പുകളെ സൂര്യയുടെ വക്കീല്‍ ചന്ദ്രുവും, ലിജോ മോള്‍ ജോസിന്റെ സെന്‍ഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നുവെന്ന് റിയാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സാഹചര്യങ്ങളെല്ലാം എതിരായി നില്‍ക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്‌ക്കാരമാണ് ജ്ഞാനവേലിന്റെ ‘ജയ് ഭീം’ എന്ന സിനിമ.

അധികാരത്തിന്റെ നെറികേടുകളോട്,

ജാതീയമായ ഉച്ഛനീചത്വങ്ങളോട്,

നിയമ വാഴ്ച്ചയുടെ അന്ധതയോട്,

കൊടിയ പീഢനമുറകളോട് എല്ലാം,

സാധാരണ മനുഷ്യര്‍ നടത്തുന്ന ചെറുത്തു നില്‍പ്പുകളെ സൂര്യയുടെ വക്കീല്‍ ചന്ദ്രുവും, ലിജോ മോള്‍ ജോസിന്റെ സെന്‍ഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു.

ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും ‘ജയ്ഭീം’ നീതി പുലര്‍ത്തിയിട്ടുണ്ട്. വര്‍ത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ട് ‘ജയ്ഭീം’.. മികച്ച സിനിമ

Top