പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികള്‍ സുതാര്യമാക്കാന്‍ പുതിയ ടെക്നോളജിയുമായി മന്ത്രി റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികൾ സുതാര്യമാക്കുന്നതിന് പുതിയ സംവിധാനമൊരുക്കിയാതായി മന്ത്രി മുഹമ്മദ് റിയാസ്. “തൊട്ടറിയാം PWD” എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഇത് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നതിനെ കുറിച്ച് നിയമസഭയിൽ വെച്ച് എംഎൽഎമാർക്കായി ക്ലാസ് സംഘടിപ്പിച്ചു. ടെക്നോളജിയുടെ ഉപയോഗത്തിലൂടെ പ്രവൃത്തികൾ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള വകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംവിധാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

 

മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്……

എംഎൽഎമാർ തൊട്ടറിഞ്ഞു..

ഇനി ജനങ്ങളിലേക്ക് “തൊട്ടറിയാം PWD”

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശോധിക്കാൻ സാധിക്കുന്ന സംവിധാനമാണ് “തൊട്ടറിയാം PWD”.

നിയമസഭയിൽ വെച്ച് എംഎൽഎമാർക്കായി ഇതിന്റെ പ്രവർത്തന രീതിയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. തൊട്ടറിയാം PWD എന്താണെന്നും എങ്ങനെയൊക്കെ ഇതിന്റെ ഉപയോഗം ഗുണകരമാകും എന്നും വിശദമായി തന്നെ ജനപ്രതിനിധികൾക്ക് ക്ലാസിലൂടെ മനസ്സിലാക്കാൻ സാധിച്ചു. സംശയങ്ങൾ ചോദിച്ചും നിർദ്ദേശങ്ങൾ പങ്കുവച്ചും ഭൂരിപക്ഷം എംഎൽഎമാരും ക്ലാസിൽ പങ്കുകൊണ്ടു.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ കൂടുതൽ സുതാര്യമാക്കുന്ന “തൊട്ടറിയാം PWD” എന്ന പുതിയ സംവിധാനത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ എംഎൽഎമാരും സ്വാഗതം ചെയ്തതിന് പ്രത്യേക നന്ദി.

ടെക്നോളജിയുടെ ഉപയോഗത്തിലൂടെ പ്രവൃത്തികൾ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംവിധാനം. ജനങ്ങൾക്ക് അവരുടെ നാട്ടിലെ പ്രവൃത്തികൾ വിലയിരുത്താനും പരാതികൾ പറയാനും, എംഎൽഎമാർക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തികൾ ഏത് സമയത്തും ലോകത്തിന്റെ ഏത് കോണിലിരുന്നും പരിശോധിക്കാനും സാധിക്കും. മന്ത്രി ഓഫീസിൽ നിന്നും ഈ സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും പരിശോധിക്കാനും പരാതികൾ പരിഹരിക്കാൻ ഇടപെടുവാനും കഴിയും.
ഉദ്യോഗസ്ഥരിൽ നന്നായി പ്രവർത്തിക്കുന്നവരാണ് ഭൂരിപക്ഷവും.എന്നാൽ അലസന്മാരും,തെറ്റായ പ്രവണതകളുള്ളവരുമുണ്ട്.അവയൊക്കെ വേഗത്തിൽ നേരിട്ട് കണ്ടെത്തി തിരുത്തുവാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വകുപ്പിന്റെ പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

“ജനങ്ങൾ കാഴ്ച്ചക്കാരല്ല,കാവൽക്കാരാണ്”

ഈ കാഴ്ച്ചപ്പാട് തുടക്കത്തിൽ തന്നെ സമൂഹവുമായി പങ്ക് വെച്ചിരുന്നു.

വകുപ്പിനെ തൊട്ട് കൊണ്ട് വിമർശിക്കുവാൻ “തൊട്ടറിയാം PWD” നിങ്ങളെ സഹായിക്കുമെന്ന് MLAമാരോട് പരിപാടിയിൽ ഞാൻ തമാശക്കാണെങ്കിലും സൂചിപ്പിച്ചിരുന്നു.

പറഞ്ഞത് തമാശക്കാണെങ്കിലും അത് വസ്തുതയാണെന്ന് നന്നായി അറിയാം.

വകുപ്പുമായി ബന്ധപ്പെട്ട ഒരു ചെറിയ കാര്യം പോലും ഇതിലൂടെ എല്ലാവരും അറിയും.

ചെറിയ പോരായ്മ പോലും ഇതിലൂടെ

ചൂണ്ടികാട്ടാനാകും.

അതിൽ തെല്ലും പ്രയാസമില്ല,

വകുപ്പിന് ഒന്നും മറച്ചുവെക്കാനില്ല.

എല്ലാം എല്ലാവരും അറിയണം.

പോരായ്മകൾ ചൂണ്ടികാട്ടണം.

തിരുത്തേണ്ടത് തിരുത്തും.

സുതാര്യത വർദ്ധിപ്പിക്കുന്നത്‌ വകുപ്പിനെ ജനങ്ങളുടെ പിന്തുണയാൽ കൂടുതൽ പുരോഗതിയിൽ എത്തിക്കും.

“തൊട്ടറിയാം PWD”

Top