മന്ത്രി റിയാസ് ഇടപെട്ടു; ചാലക്കുടി പോട്ട ഫ്‌ളൈ ഓവറിൽ രൂപപ്പെട്ട ഹമ്പിന് പരിഹാരമായി

ചാലക്കുടി: മുൻകാലങ്ങളിൽ നിന്ന് വിപരീതമായി സ്മാർട്ടായി മാറിയിരിക്കുകയാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്. ചെറുപ്പക്കാരനായ പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി രണ്ടാം പിണറായി സർക്കാരിൽ എത്തിയതോടെ വകുപ്പിനും ചെറുപ്പമാണ്. പരാതികൾ പരിഹരിക്കുന്നതിനൊക്കെ വലിയ വേഗം വകുപ്പ് ഇതിനോടകം കൈവരിച്ച് കഴിഞ്ഞു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ട ഫ്‌ളൈ ഓവറിൽ രൂപപ്പെട്ട ഹമ്പ് കാരണം ഉണ്ടായ പ്രശ്നം പരിഹരിച്ചത്.

ദേശീയപാതയിലെ എറണാകുളം-തൃശ്ശൂർ പാതയ്ക്ക് ഇടയിലുള്ള ചാലക്കുടി പോട്ട ഫ്‌ളൈ ഓവറിൽ കുഴികൾ രൂപപ്പെട്ടിരുന്നു. കുഴികൾ അടച്ചതിന്‍റെ ഭാഗമായി ഹമ്പ് രൂപപ്പെട്ടു. ഈ ഹമ്പ് അപകടമുണ്ടാക്കുന്നതായി നിരവധി പരാതികൾ ഉയർന്നു. സോഷ്യല്‍മീഡിയ വഴി ഇത് സംബന്ധിച്ച് മന്ത്രിക്കും നിരവധി പരാതികളാണ് ലഭിച്ചത്. ഈ പരാതിയും സമയബന്ധിതമായി പരിഹരിച്ച് ഇപ്പോൾ കയ്യടി നേടുകയാണ് പൊതുമരാമത്ത് വകുപ്പും മന്ത്രി റിയാസും. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ദേശീയപാതാ അതോറിറ്റി അധികൃതരോട് പൊതുമരാമത്ത് മന്ത്രി വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് അറിയിച്ചിരുന്നു. മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ കൂടി ആയപ്പോൾ പ്രശ്നത്തിന് വേഗം പരിഹാരമായി. ദേശിയ പാതായിലെ ഏറ്റവും തിരക്കുള്ള ഭാഗം കൂടിയാണ് തൃശൂർ – എറണാംകുളം പാത. നിരവധി ആളുകൾ സഞ്ചരിക്കുന്ന ഈ വഴിയുടെ പ്രാധാന്യം മനസിലാക്കി നേരിട്ട് ഇടപെട്ട് സമയ ബന്ധിതമായി പ്രശ്നം പരിഹരിച്ച മന്ത്രിയുടെ പ്രവർത്തനം ഏറെ പ്രശംസിനീയമാണ്.

റോഡ് തകര്‍ച്ച ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാന്‍ ആപ്പ് പുറത്തിറക്കി മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഊര്‍ജിത പ്രയത്‌നത്തിലാണ് യുവജന പ്രക്ഷോഭങ്ങളിലൂടെ കടന്നുവന്ന മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിനായി തത്സമയം ഒരു മണിക്കൂർ പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്യുന്നുണ്ട് റിയാസ്. ഇത്തരത്തിൽ സ്വീകരിക്കുന്ന പരാതികൾ തദവസരത്തിൽ തന്നെ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം കൊടുക്കുകയും ചെയ്യുന്നു.

പരിപാലന കാലാവധിയുള്ള റോഡുകളില്‍ ബന്ധപ്പെട്ട കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോണ്‍നമ്പറും ഇപ്പോൾ വെബ്‌സൈറ്റിൽ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതോടെ റോഡുകള്‍ തകര്‍ന്നാല്‍ അക്കാര്യം ജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരെ നേരിട്ട് അറിയിക്കാനുള്ള സൗകര്യമാണ് ലഭിക്കുന്നത്.

Top