മന്ത്രി റിയാസും ജലീലും പോപുലർ ഫ്രണ്ടുകാർ; പി.സി ജോർജ്

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസും മുൻ മന്ത്രി കെ.ടി ജലീലും പോപുലർ ഫ്രണ്ടുകാരാണെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. റിയാസിനെതിരെ എൻ.ഐ.എ അന്വേഷണമുണ്ടെന്നും പിണറായി വിജയൻ തന്നെ അകത്തുപോകുന്ന സ്ഥിതിയുണ്ടാകുമെന്നും ജോർജ് പറഞ്ഞു. ക്രിസ്ത്യന്‍ മതപ്രചാരണ ചാനലായ ‘ഷെകെയ്‌ന ടി.വി’യില്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സംവാദ പരിപാടിയിലാണ് പി.സി ജോർജിന്റെ ആരോപണം.

കെ.ടി ജലീൽ പോപുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും ആളാണ്. അയാൾ മന്ത്രിയായിരുന്നു കേരളത്തിൽ. മന്ത്രി മുഹമ്മദ് റിയാസിനെതിരെയും എൻ.ഐ.എയുടെ അന്വേഷണമുണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളത്. പിണറായി വിജയൻ തന്നെ അകത്തുപോകുന്ന സാഹചര്യമുണ്ടാകും. പോപുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും എല്ലാവിധ വളവും വച്ചുകൊടുക്കുന്ന പ്രധാന ആൾ പിണറായി വിജയൻ തന്നെയാണ്. മകളെ കെട്ടിച്ചുകൊടുത്തില്ലേയെന്നും പി.സി ജോർജ് പറഞ്ഞു.

കോഴിക്കോട്ട് പോപുലർ ഫ്രണ്ട് സമ്മേളനത്തിൽ പ്രസംഗിച്ച അഫ്‌സൽ ഖാസിമിയെ അന്നുതന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ ആദ്യം അറസ്റ്റ് ചെയ്യേണ്ടിവരുമെന്നതു കൊണ്ടാണ് അതുണ്ടാകാത്തതെന്നും ജോർജ് പറഞ്ഞു. മുഹമ്മദ് റിയാസും കെ.ടി ജലീലുമാണ് ഇതിന്റെ നേതാവ്. കേരളത്തിൽ എസ്.ഡി.പി.ഐയെ വളർത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്തവും നേതൃത്വവും ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണെന്നും ജോർജ് ആരോപിച്ചു.

ആദ്യം കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം. പകരം യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ മുഖ്യമന്ത്രിയാക്കണം. പിണറായി വിജയൻ അമേരിക്കയിൽ ചികിത്സിക്കാൻ പോയതായിരുന്നു. എന്നാൽ, അമേരിക്കയിൽ നിന്നില്ല. ആശുപത്രിയിൽ പോയിട്ട് പത്തു മിനിറ്റ് നിന്നു. അതുകഴിഞ്ഞ് എട്ടു ദിവസം യു.എ.ഇ ഉൾപ്പെടെയുള്ള അറേബ്യൻ രാജ്യങ്ങളിലാണ് നടന്നത്. സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ നടത്തി. ഇതൊക്കെ പോപുലർ ഫ്രണ്ടുമായും മുസ്‌ലിം സംഘടനകളുമായുള്ള അവിഹിതങ്ങളാണ്.

 

Top