സര്‍ക്കാര്‍ ചെയ്തത് ശുപാര്‍ശ ചെയ്യുക മാത്രം; വിസി നിയമനത്തിലെ വിധിയില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു

തിരുവനതപുരം: കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രിംകോടതി അസാധുവാക്കിയ വിധിയില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കോടതി വിധി അംഗീകരിക്കുന്നു. സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.

സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തത്. വിധി പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനത്തില്‍ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് തിരിച്ചടിയാണ് നേരിട്ടത്. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രിംകോടതി അസാധുവാക്കി.

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിനുനേരെ വിമര്‍ശനമുയര്‍ത്തി. നിയമനത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് ഉള്‍പ്പെടെ കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. സമ്മര്‍ദം മൂലമുള്ള നിയമനം ചട്ടവിരുദ്ധമെന്ന് കോടതി പറഞ്ഞു. ആയതിനാല്‍ ഡോ. രവീന്ദ്രന്‍ ഗോപിനാഥന് പുനര്‍നിയമനം നല്‍കിയ നടപടി നിലനില്‍ക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

Top