ഖനന നിയമഭേദഗതി ബില്‍ മന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: കരിമണല്‍ ഖനനമടക്കം സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന ഖനനനിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍. സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയവയുടെയും അപൂര്‍വധാതുക്കളുടെയും ഖനനാനുമതി സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. കഴിഞ്ഞ ദിവസം ലോക്സഭ ബില്‍ പാസാക്കിയിരുന്നു. മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുക.

ബില്‍ ഇതേരൂപത്തില്‍ രാജ്യസഭയിലും പാസായാല്‍ അപൂര്‍വധാതുക്കളുടെ ഖനനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും ഇല്ലാതാകും. പകരം കേന്ദ്രസര്‍ക്കാരിന് മാത്രമാകും നിയന്ത്രണാധികാരം. തീരദേശ കരിമണല്‍ ഖനനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം അടക്കം ഇതുവഴി ഇല്ലാതാകും. ലോകസഭയില്‍ ബില്ലിനെ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ എന്‍.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഖനനാനുമതി സ്വകാര്യമേഖലയ്ക്കു നല്‍കുമ്പോള്‍ ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

കേരളത്തിലെ ചില തീരദേശ മേഖലയില്‍ സുലഭമായ ഇല്‍മനൈറ്റ്, മോണോസൈറ്റ് തുടങ്ങിയ അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്യാന്‍ നിലവില്‍ സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാത്രമുള്ള അധികാരം നഷ്ടപ്പെടുന്നത് കൂടിയാണ് പുതിയ നിയമനിര്‍മ്മാണം. ആണവധാതുക്കള്‍ ഖനനം ചെയ്യാന്‍ സ്വകാര്യമേഖലയെ അനുവദിക്കുന്നതു ദേശസുരക്ഷയ്ക്കു ഭീഷണിയാകും എന്ന വാദവും ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. അതേസമയം ബില്ലിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കു പുതിയ ബില്‍ വഴിയൊരുക്കുമെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

Top