സംസ്ഥാനത്തെ ആദ്യ ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം മേഖലയില്‍ പുതിയ ചുവടുവയ്പുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആദ്യ ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഏത് സീസണിലും സന്ദര്‍ശിക്കാവുന്ന സ്ഥലമായി കേരളത്തിനെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍, നവീന ടൂറിസം ഉത്പന്നങ്ങള്‍ എന്നിവ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് മീറ്റിന്റെ ലക്ഷ്യമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വലിയ നിക്ഷേപസാധ്യതയുള്ള മേഖലയാണ് ടൂറിസമെന്നും ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകള്‍ കണ്ടെത്തി ആ ദിശയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. പുതിയ രീതികള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പരിഷ്‌കരണങ്ങളും നവീകരണവും ടൂറിസം മേഖലയില്‍ ആവശ്യമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടൂറിസം സാധ്യതയുള്ള സ്ഥലങ്ങള്‍ സുസ്ഥിര മാനദണ്ഡങ്ങളനുസരിച്ച് വികസിപ്പിച്ചാല്‍ ഏതു കാലാവസ്ഥയിലും സന്ദര്‍ശിക്കാവുന്ന പ്രദേശമായി കേരളത്തെയൊട്ടാകെ മാറ്റാന്‍ സാധിക്കും. നവീന ആശയങ്ങളും ടൂറിസം ഉത്പന്നങ്ങളും സംയുക്ത സംരംഭങ്ങളായും പൊതു-സ്വകാര്യ പങ്കാളിത്തമായുമാണ് നടപ്പാക്കുന്നത്.

പുതിയ ഡെസ്റ്റിനേഷനുകള്‍, നൂതന പദ്ധതികള്‍ എന്നിവ അനിവാര്യമാകുന്ന ഘട്ടമാണിത്. കേരളം നടപ്പിലാക്കുന്ന നൂതന പദ്ധതികള്‍ വലിയ തോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന അനുഭവമാണുള്ളത്. ഇതിന് ആക്കംകൂട്ടാന്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ ജിഡിപിയുടെ 10 ശതമാനം ആണ് നിലവില്‍ ടൂറിസത്തിന്റെ സംഭാവന. അത് ഉയര്‍ത്തുന്നതിനുള്ള സുപ്രധാന കാല്‍വെയ്പായി ഇന്‍വെസ്റ്റേഴ്സ് മീറ്റ് മാറും. സംസ്ഥാനത്ത് തൊഴിലവസരം കൂടുതലായി സൃഷ്ടിക്കുന്ന മേഖലയാണ് ടൂറിസം. അത് വര്‍ധിപ്പിക്കുന്നതിന് ഇന്‍വെസ്റ്റേഴ്സ് മീറ്റ് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

Top