മുഖ്യമന്ത്രി നടപടി ഉറപ്പുനല്‍കി; മോഫിയയുടെ വീട്ടിലെത്തി പി. രാജീവ്

എറണാകുളം : പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അവഹേളനത്തെ തുടര്‍ന്ന് ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയാ പര്‍വീനിന്റെ വീട്ടില്‍ വ്യവസായമന്ത്രി പി രാജീവ് എത്തി. തുടര്‍ന്ന് മോഫിയയുടെ പിതാവുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടിയെടുക്കും എന്ന ഉറപ്പ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു. തെറ്റ് ചെയ്തവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാവുകയില്ലെന്നും, കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ഫോണിലൂടെ സംസാരിക്കവേ മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ തങ്ങള്‍ക്ക് ആശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ് ദില്‍ഷാദ് പിന്നീട് പ്രതികരിച്ചു. സി ഐയ്ക്ക് എതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വകുപ്പ് തല അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, സ്ഥലം മാറ്റം അതിന്റെ ഭാഗമാണെന്നും മന്ത്രി പി രാജീവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഇതിനായി പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

സംഭവത്തെതുടര്‍ന്ന് ആരോപണ വിധേയനായ ആലുവ സി.ഐ സി.എല്‍.സുധീറിനെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയെങ്കിലും ആലുവയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുകയാണ്. ഭര്‍ത്തൃപീഡനത്തിനെതിരെ പരാതിയുമായി സമീപിച്ചപ്പോള്‍ പ്രതികളുടെ മുന്നില്‍ വച്ച് തന്നെ ഇന്‍സ്പെക്ടര്‍ അവഹേളിച്ചതായി എഴുതി വച്ചാണ് മോഫിയ ചൊവ്വാഴ്ച വീട്ടില്‍ തൂങ്ങിമരിച്ചത്.

 

Top