കെഎംഎംഎൽ തൊഴിലാളികൾക്കിടയിൽ ചില തെറ്റായ പ്രവണതകളുണ്ടെന്ന് മന്ത്രി പി രാജീവ്

കൊല്ലം : കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും നിയമനങ്ങൾ പബ്ലിക്ക് എന്റർപ്രൈസ് സെലക്ഷൻ ബോർഡിന് (പിഇഎസ്ബി) വിടുമെന്ന് മന്ത്രി പി രാജീവ്. പബ്ലിക്ക് എന്റർപ്രൈസ് സെലക്ഷൻ ബോർഡ് ബില്ലിൽ ഗവർണർ ഒപ്പിട്ടു. ഇനി ബോർഡ് ഭരണസമിതി രൂപീകരിച്ചാൽ മതി. ബോർഡ് ഉടൻ നിലവിൽ വരുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

അതേസമയം സർക്കാർ കുറേ പണം തരുന്നു, അത് ചെലവാക്കുന്നുവെന്ന രീതിയിൽ അല്ല പൊതുമേഖല സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. ഈ രീതിയിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രൊഫഷണലായി പ്രവർത്തിച്ച് ലാഭകരമായി മുന്നോട്ട് പോകണം. വാർഷിക ഓഡിറ്റ് നടപടികൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. പണിമുടക്ക് തൊഴിലാളി വർഗത്തിന്റെ അവസാന സമരമാർഗമാണ്. ചില തെറ്റായ പ്രവണതകൾ കെഎംഎംഎൽ തൊഴിലാളികൾക്ക് ഇടയിലുണ്ട്. തീരെ ഗതികെട്ടാൽ സമരം ചെയ്തോളൂ, എഐടിയുസി സമരം ചെയ്യുമ്പോൾ ഞങ്ങൾക്ക് അത് പറ്റിയില്ലല്ലോ എന്ന് ഐഎൻടിയുസി കരുതേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Top