‘ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ട്’: പി.രാജീവ്

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്ന് മന്ത്രി പി.രാജീവ്. ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും പി രാജീവ് പ്രതികരിച്ചു. വിചാരണ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. തൃപ്പൂണിത്തുറ സ്‌ഫോടനമുണ്ടായ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി രാജീവ്. മന്ത്രിക്കൊപ്പം സബ് കളക്ടര്‍ കെ.മീരയും ഉണ്ടായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നു വരികയാണ്. രണ്ട് ആഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് കിട്ടും. അതിനു ശേഷം മുന്‍കാല സംഭവങ്ങളിലെ കീഴ് വഴക്കം നോക്കി നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ വിചാരണ കോടതി ശിക്ഷാവിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കുഞ്ഞനന്തന്‍ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍, മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെക്കുകയും ചെയ്തു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനന്‍ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎല്‍എയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സര്‍ക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

Top