കൊട്ടിഘോഷിച്ച ആമ്പല്ലൂരിലെ ഇലക്ട്രോണിക്സ് പാർക്ക് മാറ്റുകയാണെന്ന് മന്ത്രി

കൊച്ചി: എറണാകുളം ജില്ലയിലെ ആമ്പല്ലൂരിൽ ഉദ്ദേശിച്ചിരുന്ന ഇലക്ട്രോണിക്സ് ഉൽപന്ന പാർക്ക് അവിടെനിന്നു മാറ്റുകയാണെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. ചതുപ്പുനിലം ഇത്തരം വ്യവസായ പാർക്കിന് അനുയോജ്യമല്ലെന്നു കണ്ടതിനാലാണിത്.

ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്കായി 100 ഏക്കർ സ്ഥലത്തു നിർമിക്കാൻ വിഭാവനം ചെയ്തതാണ് ആമ്പല്ലൂർ ഇലക്ട്രോണിക് ഹാർഡ്‌വെയർ പാർക്ക് പദ്ധതി. 10 വർഷം മുൻപു കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പദ്ധതിക്കു തറക്കല്ലിടാൻ പോലും ഇതുവരെ കഴിഞ്ഞിരുന്നില്ല.

600 കോടി രൂപ മുതൽ മുടക്കു പ്രതീക്ഷിക്കുന്ന പാർക്ക് നേരിട്ടും അല്ലാതെയും 10,000 പേർക്കു തൊഴിൽ നൽകുമെന്നായിരുന്നു പഴയ പ്രഖ്യാപനങ്ങൾ. 54.47 കോടി രൂപ ചെലവിട്ട് 11.87 ഏക്കർ ഏറ്റെടുക്കുകയും ചെയ്തു. 3 വർഷത്തിനകം പദ്ധതി പൂർത്തിയാക്കുമെന്ന് ഇക്കഴിഞ്ഞ മെയിൽ മന്ത്രി രാജീവ് തന്നെ പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഉപഭോക്തൃ ഉൽപന്നങ്ങളുടെ ഉൽപാദനത്തിനായി വ്യവസായ പാർക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമ്പാവൂർ റയോൺസിന്റെ 30 ഏക്കർ ഏറ്റെടുത്തു. ബാക്കി 30 ഏക്കർ കൂടി ഏറ്റെടുക്കുകയാണ്. അവിടെ ഇലക്ട്രോണിക്സ് പാർക്കിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ടൂത്ത് പേസ്റ്റും ഷേവിങ് ക്രീമും പോലെ വേഗം വിറ്റുപോകുന്ന തരം ഉപഭോക്തൃ ഉൽപന്നങ്ങൾ നിലവിൽ ഇന്ത്യയിലെ ഒട്ടേറെ കമ്പനികൾ നിർമിക്കുന്നുണ്ട്. ഹിന്ദുസ്ഥാൻ ലീവർ പോലെ 20 പ്രമുഖ കമ്പനികൾക്കാണ് വിപണിയുടെ 80% കൈയിലുള്ളത്. കേരളം ഇന്ത്യയുടെ ജനസംഖ്യയുടെ 3% മാത്രമേ ഉള്ളൂവെങ്കിലും ഉപഭോഗത്തിൽ ഒന്നാമതാണ്. അതിനാൽ എഫ്എംസിജി ഉൽപാദന പാർക്കിനു സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യ സംസ്കരണ മേഖലയിൽ കേരളത്തിനു ശക്തമായ സാന്നിധ്യമുള്ളതിനാൽ ഈ മേഖലയിൽ ഇനിയും നിക്ഷേപം വിപുലമാക്കാൻ ശ്രമിക്കുകയാണ്. പഴങ്ങളിൽ നിന്നു വീഞ്ഞ് ഉണ്ടാക്കാനുള്ള പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ എക്സൈസ് മന്ത്രി ഉൾപ്പെട്ട അഞ്ചംഗ മന്ത്രിതല ഉപസമിതി രൂപീകരിച്ചു ചർച്ച നടത്തി. ചേർത്തലയിൽ മത്സ്യ സംസ്കരണ പാർക്ക് ഉൾപ്പെടെ 3 മിനി ഫുഡ് പാർക്കുകൾ ആലോചനയിലുണ്ട്.

വ്യവസായമായി പ്രഖ്യാപിച്ച തോട്ടങ്ങളുടെ ഡയറക്ടറേറ്റ് ഉടൻ നിലവിൽ വരും. വെള്ളൂരിൽ ടിഷ്യു പേപ്പർ ഉൾപ്പെടെ ഉണ്ടാക്കുന്ന കേരള പേപ്പർ പ്രോഡക്ട്സ് സ്ഥാപിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന പൾപ്പ് ഉപയോഗിക്കും.100 കോടിയുടെ നിക്ഷേപമാണ് ആദ്യം ഉദ്ദേശിക്കുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം വന്നുവെന്നും മന്ത്രി പറഞ്ഞു.

 

Top