നിലവിലെ തീ അണയ്ക്കൽ രീതി ഏറ്റവും ഉചിതമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടതായി മന്ത്രി പി രാജീവ്

കൊച്ചി: ബ്രഹ്മപുരത്ത് തീ അണക്കുന്നതിന് സ്വീകരിച്ച രീതിയാണ് ഏറ്റവും ഉചിതമെന്ന് ദേശീയ – അന്തർദേശീയ വിദ​ഗ്ധർ അഭിപ്രായപ്പെട്ടതായി മന്ത്രി പി രാജീവ്. തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലി നിർദേശിച്ചുവെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന വിദഗ്ധ സമിതിയും സമാനമായ വിലയിരുത്തലാണ് നടത്തിയത്.

തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും ജോർജ്ജ് ഹീലി നിർദേശിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ ഐ ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്. തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളിൽ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തണം.

മാലിന്യങ്ങൾ മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തിൽ കുതിർത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി. തീ കെടുത്തിയ ഭാഗങ്ങളിൽ വീണ്ടും മാലിന്യം കൂന കൂട്ടരുത്. ഉൾഭാഗങ്ങളിൽ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളിൽ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം, മുകളിൽ മണ്ണിന്റെ ആവരണം തീർക്കുന്നത് പ്രയോജനപ്രദമല്ല.

അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മുഖാവരണം ധരിക്കണമെന്നും ജോർജ് ഹീലി നിർദേശിച്ചു. തീ പൂർണമായും കെട്ടടങ്ങാതെ പുകയുന്ന ഭാഗങ്ങളിൽ അഗ്നിശമന പ്രവർത്തനം കേന്ദ്രീകരിക്കുന്നതോടൊപ്പം കെടുത്തിയ ഭാഗങ്ങളിൽ മുൻകരുതൽ തുടരണം. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്‌നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറമേക്ക് ദൃശ്യമല്ലാത്ത കനലുകൾ കണ്ടെത്തുന്നതിനായി തെർമൽ (ഇൻഫ്രാറെഡ്) ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാം. തീ കെടുത്തിയ ഭാഗങ്ങൾ ആഴത്തിൽ കുഴിച്ച് കനലുകളും പുകയും ഇല്ലെന്ന് ഉറപ്പു വരുത്തണം.

ബ്രഹ്മപുരത്തും പരിസര പ്രദേശത്തും വായു, വെള്ളം നിലവാരം നിരന്തരമായി നിരീക്ഷിക്കണമെന്നും യോഗം വിലയിരുത്തി. മാർച്ച് രണ്ടിന് തീപിടുത്തമുണ്ടായ ഘട്ടത്തിൽ തന്നെ കോർപ്പറേഷൻ അധികൃതരും ജില്ലാ കളക്ടറും ഉൾപ്പെടെയുള്ളവരുമായി പ്രശ്നം ചർച്ച ചെയ്തിരുന്നു. മുമ്പ് പല ഘട്ടങ്ങളിലുമുണ്ടായതുപോലെ വെള്ളം ഉപയോഗിച്ച് രണ്ടു ദിവസത്തിനകം തീ അണയ്ക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. മാർച്ച് നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നത തല യോഗം ചേർന്നു.

തീ അണച്ച സ്ഥലങ്ങളിൽ വീണ്ടും തീപ്പടരുന്ന പ്രശ്നം ഫയർഫോഴ്സ് അവതരിപ്പിച്ചു. മീറ്ററുകൾ അടിയിലും തീ ഉള്ളതുകൊണ്ട് ഇളക്കി മാറ്റി വെള്ളം അടിക്കുന്ന രീതി വേണ്ടി വരുമെന്ന് കണ്ടു. അതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ ജെ സി ബി യും ഫ്ലോട്ടിങ്ങ് ജെ സി ബി യും ഉൾപ്പെടെ പല ജില്ലകളിൽ നിന്നും സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. മന്ത്രി എന്ന നിലയിൽ എല്ലാ ദിവസവും പ്രവർത്തനം വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തിയെന്നും രാജീവ് കൂട്ടിച്ചേർത്തു. വാർ റൂം പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ പ്രശനങ്ങൾ കൈകാര്യം ചെയ്യാൻ രണ്ടു കൺട്രോൾ റൂം തുറന്നു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ തല യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് അവലോകനം നടത്തി കർമ്മപദ്ധതി അംഗീകരിച്ചു. തീ അണക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ തന്നെയാണ് ഉചിതമെന്ന് എല്ലാ ദിവസവും നടത്തിയ ആശയ വിനിമയത്തിൽ ലഭ്യമായ വിദഗ്ദരും അഭിപ്രായപ്പെട്ടത്. അവരുടെ ഉപദേശങ്ങളും സഹായകരമായി. ദശകങ്ങളായി കുന്നു കൂടിയ മാലിന്യ മലയാണ് ഇത്രയും സങ്കീർണ്ണമായ സാഹചര്യം സൃഷ്ടിച്ചത്. ഇപ്പോൾ തീ പൂർണ്ണമായും അണഞ്ഞ സ്ഥിതിയാണെങ്കിലും ചിലയിടങ്ങളിൽ തുടർ ജാഗ്രത വേണ്ടി വരും. ഇന്നലെ വരെ തുടർന്ന അതേ രീതിയിൽ മുഴുവൻ മാനവവിഭവശേഷിയും ഇന്നും ഉപയോഗിക്കുന്നുണ്ട്. ബ്രഹ്മപുരത്തിൽ പാഠം ഉൾക്കൊണ്ട് ശക്തമായ നടപടികൾ സ്വീകരിച്ച് ശാശ്വത പരിഹാരത്തിനാണ് ഇനിയുള്ള ശ്രമമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Top