ആലുവ കൊലപാതകത്തിലെ കോടതി വിധിയോട് പ്രതികരിച്ച് മന്ത്രി പി രാജീവ്

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധിയോട് പ്രതികരിച്ച് മന്ത്രി പി രാജീവ് രംഗത്ത്. ആലുവയില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച ഘട്ടത്തില്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയാണെന്നാണ് രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. കുറ്റകൃത്യം നടന്ന് 100 ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് വിചാരണ പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റം തെളിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചെന്നും മന്ത്രി ചൂണ്ടികാട്ടി. സ്ത്രീകളോടും കുട്ടികളോടുമുള്ള അക്രമങ്ങളില്‍ ഈ സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൂടിയാണ് ഇന്നത്തെ ദിവസം തെളിയുന്നതെന്നും പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിലാണ് പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷന്‍ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. കേസില്‍ നവംബര്‍ ഒന്‍പതിനായിരിക്കും ശിക്ഷ വിധിക്കുക. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ നീതി ലഭിക്കുകയുള്ളുവെന്നും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം.

Top