ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലെന്ന് പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്ന് റിയാസ് കുറ്റപ്പെടുത്തി. തെറ്റിദ്ധാരണയുടെ ഭാഗമായി 2019 ല്‍ ജനം കോണ്‍ഗ്രസിന് വോട്ട് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ സമരാഗ്‌നിയില് ബിജെപിക്കെതിരെ നേതാക്കള്‍ എന്തെങ്കിലും സംസാരിച്ചോ അക്കാര്യത്തില്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ടാണെന്നും കെ സുധാകരനെയും വി ഡി സതീശനെയും വിമര്‍ശിച്ച് റിയാസ് പറഞ്ഞു. കേരളത്തെ വഞ്ചിച്ച യുഡിഎഫ് എംപിമാര്‍ക്ക് എതിരായ റിവഞ്ച് ഇലക്ഷനാകും നടക്കുക. ബിജെപിക്കെതിരെ മിണ്ടാതിരിക്കുന്നതില്‍ സുധാകരനും സതീശനും ഒറ്റക്കെട്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ തരംഗമായിരിക്കുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബിജെപി രണ്ടക്കം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെയും റിയാസ് പരിഹസിച്ചു. പ്രധാനമന്ത്രിയെ അല്ല അദ്ദേഹത്തിന് പ്രസംഗം എഴുതി കൊടുത്തവരെയാണ് കുറ്റം പറയേണ്ടത്. പ്രാദേശിക നേതാവിനെ പോലെ പ്രധാനമന്ത്രിയെ കൊണ്ട് സംസാരിപ്പിച്ച വിദ്വാന് സ്വീകരണം നല്‍കണമെന്നും റിയാസ് പറഞ്ഞു.

Top