പെട്രോള്‍ ജിഎസ്ടി പരിധിയില്‍; തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാരല്ലെന്ന് ഹര്‍ദീപ് സിംഗ്

ന്യൂഡല്‍ഹി: ഇന്ധനങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന വിഷയത്തില്‍ നയം വ്യക്തമാക്കി കേന്ദ്രം. വിഷയത്തില്‍ തീരുമാനം കൈകൊള്ളെണ്ടത് ജിഎസ്ടി കൗണ്‍സിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കും നിര്‍ദേശത്തിനും പ്രസക്തി ഇല്ലെന്ന് മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി അറിയിച്ചു. പെട്രോളിയം മന്ത്രി ലോകസഭയെ രേഖാമൂലം ആണ് കാര്യം അറിയിച്ചത്.

അതേസമയം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രതിപക്ഷ ബഹളത്തില്‍ തടസപ്പെട്ടു. ലോകസഭയിലും രാജ്യസഭയിലും ഫോണ്‍ ചോര്‍ത്തല്‍, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. രണ്ട് ദിവസത്തെ ഇടവേളയ്ക്കും പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാനായില്ല.

അടിയന്തര പ്രമേയത്തിന് സഭ ചേര്‍ന്നപ്പോള്‍ തന്നെ ഇരുസഭാധ്യക്ഷന്മാരും അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്നായിരുന്നു പ്രതിഷേധം. രാജ്യസഭയില്‍ ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ അനുവദിക്കാം എന്ന സര്‍ക്കാര്‍ വാഗ്ദാനവും പ്രതിപക്ഷം ചെവി കൊണ്ടില്ല. നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു.

പാര്‍ലമെന്റ് സ്തംഭനം തുടര്‍ച്ചയായ സാഹചര്യത്തില്‍ ഇരു സഭാധ്യക്ഷന്മാരും ഇന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും.

 

Top