സ്‌കൂള്‍ ചടങ്ങുകളില്‍ താലപ്പൊലിക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളെ ചടങ്ങുകളില്‍ താലപ്പൊലിക്കായി അണിനിരത്താന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ക്ലാസ് സമയങ്ങളില്‍ കുട്ടികളെ മറ്റ് പരിപാടികള്‍ക്ക് കൊണ്ട് പോവുന്നത് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി.

ക്ലാസ് സമയത്ത് ഒരു വിദ്യാര്‍ത്ഥിയും മറ്റ് പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും ചടങ്ങിന് ചെല്ലുമ്പോള്‍ കുട്ടികളെ താലപ്പൊലിയുമായി കൊണ്ട് വന്ന് നിര്‍ത്താറുണ്ട്. ഇനി മുതല്‍ അങ്ങനെ ഒരു പരിപാടിയും നമ്മുടെ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്ന കാര്യം കൂടി ഞാന്‍ വ്യക്തമാക്കുകയാണ്, വി ശിവന്‍കുട്ടി പറഞ്ഞു. കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് കാലത്ത് ശീലമില്ലാത്ത പലതിനോടും പൊരുത്തപ്പെടാന്‍ അധ്യാപകര്‍ തയ്യാറായെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ അടച്ച സാഹചര്യത്തിലാണ് വിക്ടേഴ്‌സ് ചാനലിലൂടെ ഡിജിറ്റല്‍ ക്ലാസ് ആരംഭിച്ചത്. ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ തീരുമാനമായിരുന്നു ഇത്. കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് പുതിയ സാങ്കേതങ്ങളെ ഒരു എതിര്‍പ്പുമില്ലാതെ പഠിച്ചെടുത്തവരാണ് അധ്യാപകര്‍. ഇതില്‍ അഭിമാനമുണ്ടെന്നും ശിവന്‍കുട്ടി അറിയിച്ചു.

Top