സ്വത്ത് സ്വന്തമാക്കി മകന്‍ അച്ഛനെ തെരുവില്‍ ഉപേക്ഷിച്ചു, അഭയം നല്‍കി മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കൊടുങ്ങല്ലൂരില്‍ ആരാധനാലയത്തിനു മുന്‍പില്‍ മകന്‍ ഉപേക്ഷിച്ച ഭിന്നശേഷിക്കാരനായ അച്ഛന് അഭയമൊരുക്കി മന്ത്രി എം.വി.ഗോവിന്ദന്‍. ഒക്ടോബര്‍ 12നു കൊടുങ്ങല്ലൂരില്‍നിന്നു ലഭിച്ച കത്താണ് രമേശ് മേനോന്റെ ജീവിതം മാറ്റിമറിച്ചത്.

ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണവും താമസിക്കാന്‍ സുരക്ഷിതമായ ഇടവും ഒരുക്കിത്തരണമെന്ന് അപേക്ഷിച്ച് രമേശ് മേനോന്‍ തന്നെയാണു കത്തെഴുതിയത്. 60% ഭിന്നശേഷിക്കാരനാണു രമേശ് മേനോന്‍. കുടുംബത്തിനു വേണ്ടി 30 വര്‍ഷത്തിലേറെ ഗള്‍ഫില്‍ ജോലി ചെയ്ത രമേശനില്‍ നിന്നും സര്‍വ സമ്പാദ്യവും ഏക മകന്‍ സ്വന്തമാക്കി. ശേഷം സ്വന്തം അച്ഛനെ കൊടുങ്ങല്ലൂരിലെ ആരാധനാലയത്തിന്റെ മുറ്റത്ത് ഉപേക്ഷിച്ചു.

ലോകമാകെ കോവിഡ് പടര്‍ന്നുപിടിക്കുന്ന കാലമായിരുന്നു അത്. ലോക്ഡൗണ്‍ മൂലം ആരാധനാലയങ്ങള്‍ പോലും തുറക്കാത്ത കാലം. ആ സമയത്ത് സമൂഹ അടുക്കളയാണു രമേശ് മേനോന് ആശ്വാസമായത്.

കോവിഡിന്റെ വ്യാപനം കുറഞ്ഞപ്പോള്‍ രമേശിന്റെ ദൈന്യത കണ്ട നാട്ടുകാരാണു അവസ്ഥ വിവരിച്ച് നിവേദനം അയയ്ക്കാന്‍ പറഞ്ഞത്. കത്തു വായിച്ച എം.വി.ഗോവിന്ദന്‍ അന്നുതന്നെ കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാനെയും സെക്രട്ടറിയെയും ബന്ധപ്പെട്ടു. ഉടനടി പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശിച്ചു.

ഇപ്പോള്‍ രമേശ് മേനോനു സമയാസമയം ആഹാരവും കാഴ്ചപരിമിതിയുമായി ബന്ധപ്പെട്ടുള്ള മരുന്നുകളും ലഭിക്കുന്നുണ്ട്. സുരക്ഷിതമായി ഉറങ്ങാന്‍ അഗതിമന്ദിരത്തില്‍ സൗകര്യവുമൊരുക്കി.

മന്ത്രി ഇടപെട്ടു പ്രശ്നങ്ങള്‍ പരിഹരിച്ചപ്പോള്‍ നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം ഒരു ശബ്ദസന്ദേശം ഫോണ്‍ വഴി മന്ത്രിക്ക് അയച്ചു. അത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Top