തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡകളുടെ പണി പറഞ്ഞ സമയത്ത് തീര്‍ക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട്ട് റോഡകളുടെ പണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റോഡുപണിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ ഗതാഗതപ്രശ്‌നം രൂക്ഷമായത് അടുത്ത ദിവസങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്‌നമല്ല. പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ചില കരാറുകാര്‍ ശ്രമിച്ചിരുന്നു. ഇവരെ മാറ്റി നല്ല രീതിയിലാണ് ഇപ്പോള്‍ പണി പുരോഗമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം നഗരത്തിനുള്ളില്‍ പല ഭാഗങ്ങളില്‍ റോഡ് പൊളിച്ചിട്ടിരിക്കുന്ന നിലയിലാണ്. ഇവിടങ്ങളിലെല്ലാം ഗതാഗതനിയന്ത്രണവുമുണ്ട്. ഇക്കാര്യമറിയാതെ വാഹനവുമായി വന്നെത്തി ആളുകള്‍ കുടുങ്ങുന്നതും പതിവായിരിക്കുകയാണ്.

പല ഭാഗങ്ങളിലും റോഡ് രണ്ട് ഭാഗത്തും അടച്ചിട്ടിരിക്കുന്നതിനാല്‍ അശാസ്ത്രീയമായ രീതിയിലാണ് ഗതാഗതനിയന്ത്രണം നടത്തുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നേരത്തേ റോഡുപണിയുടെ ഭാഗമായി വലിയ രീതിയിലുള്ള പൊടിശല്യവും അനുഭവപ്പെട്ടിരുന്നു. ഇപ്പോള്‍ വേനല്‍ മഴയെത്തിയപ്പോള്‍ റോഡുപണിക്കായി കുഴിച്ചിട്ടിരിക്കുന്ന സ്ഥലമത്രയും വെള്ളം കയറിയ നിലയിലാണ്. എന്ന് തീരും ഈ ദുരവസ്ഥയെന്നാണ് തലസ്ഥാനത്തുള്ളവര്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത്. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

Top