റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന ലാബുകൾ ഉടനെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മാണത്തിലുള്ള റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ മൂന്ന് വാഹനങ്ങൾ സജ്ജമായി. വൈകാതെ തന്നെ റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ലാബെത്തി പരിശോധന തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കെ ആൻസലൻ എംഎൽഎ പരിപാടികളിൽ അധ്യക്ഷനായി. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ ഹൈടെക്ക് രീതിയിൽ നവീകരണം പൂർത്തിയാക്കിയ രണ്ട് റോഡുകളാണ് സഞ്ചാരത്തിനായി തുറന്നത്. 6.6 കോടി രൂപ ചെലവഴിച്ചാണ് അതിയന്നൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഓലത്താന്നി – കൊടങ്ങാവിള – അവണാകുഴി റോഡുകളുടെ പണി പൂർത്തിയാക്കിയത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയെ അതിയന്നൂർ ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ആകെ ദൂരം 6.7 കിലോമീറ്ററാണ്.

മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നെയ്യാറ്റിൻകര കോടതി- ഓൾഡ് അഞ്ചൽ ഓഫീസ് – അമരവിള റോഡുകളുടെ പണി പൂർത്തിയാക്കിയത്. ഈ റോഡിന്റെ ആകെ ദൈർഘ്യം 3.7 കിലോമീറ്ററാണ്. ആവശ്യമായ സ്ഥലങ്ങളിൽ ഓട, കലുങ്ക്, സംരക്ഷണ ഭിത്തി എന്നിവ നിർമ്മിച്ചും ഉപരിതലം ആധുനിക രീതിയിൽ ബി എം & ബി സി, പ്രവൃത്തി ചെയ്ത് നവീകരിച്ചും റോഡ് സുരക്ഷാ പ്രവൃത്തികൾ ചെയ്തുമാണ് ഇരു റോഡുകളുടെയും പണി പൂർത്തിയാക്കിയിട്ടുള്ളത്.

Top