കാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്‌ഐ എന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ്. കാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്‌ഐ എന്ന്  മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. എസ്എഫ് ഐ ചെയ്യുന്നതെന്നും എസ്.എഫ്.ഐക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലകളില്‍ സംഘപരിവാര്‍വത്കരണത്തിന് എതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഇന്നലെ തലസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. മൂന്നിടത്ത് ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്‌ഐക്കാര്‍ ഗവര്‍ണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു.

പിന്നെ ജനറല്‍ ആശുപത്രി പരിസരത്തും ഒടുവില്‍ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാര്‍ വാഹനത്തിന് നേരെ പാഞ്ഞടത്തു പ്രതിഷേധിച്ചു. ഇതോടെ വാഹനം നിര്‍ത്തി ഗവര്‍ണ്ണര്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി. പ്രതിഷേധക്കാര്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി ഗവര്‍ണ്ണര്‍ പ്രതികരിച്ചു. ഗവര്‍ണ്ണര്‍ കാറില്‍ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി. അതേസമയം, പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍ അറിയിച്ചു. നടന്നത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം, പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പൊലീസ് നടപടി പരിശോധിച്ച ശേഷം രാജ്ഭവന്‍ ഇടപെടുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Top