നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു, ഖേദം പ്രകടിപ്പിച്ചു എന്നത് തെറ്റ്’; വിശദീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എംഎല്‍എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ അടുത്തേക്ക് വരരുതെന്ന പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സ്വന്തം മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് മന്ത്രിയെ കാണാം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത ചില എംഎല്‍എമാര്‍ വരുന്ന പ്രവണതയെയാണ് സഭയില്‍ ചൂണ്ടികാട്ടിയത്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ഇടതുപക്ഷ നയം അതാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

‘എംഎല്‍എമാര്‍ക്ക് ഏതൊരു വിഷയത്തിലും മന്ത്രിയെ കാണാം. ആ നിലപാട് എടുക്കുന്നൊരാളാണ് ഞാന്‍. ഇടതുപക്ഷത്തിന്റെ സമീപനം അതാണ്. സ്വന്തം മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് മന്ത്രിയെ കാണാം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത എംഎല്‍എ വരേണ്ടതില്ല. അതല്ലാത്ത നെക്സസിന് സഹായമാകുന്ന തരത്തില്‍ അതില്‍ പെട്ടുപോകരുത്.’ മുഹമ്മദ് റിയാസ് പറഞ്ഞു.

പരാമര്‍ശത്തില്‍ തനിക്കെതിരെ എഎന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിമര്‍ശനം ഉയര്‍ത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും റിയാസ് തള്ളി. ‘ഖേദം പ്രകടിപ്പിച്ചു എന്നൊക്കെ വ്യാപകമായി ഒരുപോലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. എംഎല്‍എമാരുടെ യോഗത്തില്‍ അത്തരത്തില്‍ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. ഞാന്‍ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞിട്ടുള്ള കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അത് എല്ലാ കരാറുകാര്‍ക്കുമെതിരെയല്ല. കരാറുകാര്‍ അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് വന്നു പറയാം. അല്ലാത്ത പ്രവണതയാണ് ചൂണ്ടികാട്ടിയത്. പറഞ്ഞതില്‍ നിന്നും ഒരടി പിന്നോട്ട് പോകില്ല. ഉറച്ച് നില്‍ക്കും.’ എന്നായിരുന്നു റിയാസിന്റെ വിശദീകരണം.

 

 

Top