ജയസൂര്യയുടെ പ്രസ്താവന മന്ത്രിക്കുള്ള അമ്പാക്കി മാറ്റിയെടുത്തത് ആര് ? ചിറാപ്പുഞ്ചിയല്ല കേരളം

തിരുവനന്തപുരം: നടന്‍ ജയസൂര്യയുടെ ഒരു പ്രസ്താവനയ്ക്ക് മുന്‍തൂക്കം നല്‍കി മന്ത്രി മുഹമ്മദ് റിയാസിന്റെ നേര്‍ക്കുള്ള അമ്പായി ചിത്രീകരിക്കുമ്പോള്‍ മറുപടിയുമായി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 10 മിനിറ്റില്‍ ഒന്‍പതു മിനിറ്റും സര്‍ക്കാരിനെ അനുകൂലിച്ചാണ് ജയസൂര്യ സംസാരിച്ചതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മഴ പ്രശ്നം തന്നെയാണെന്നും, ചിറാപുഞ്ചിയില്‍ 10,000 കിലോമീറ്റര്‍ മാത്രമാണ് റോഡെന്നും, കേരളത്തില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും ജയസൂര്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

റോഡിന്റെ ബാധ്യതാ കാലാവധി (ഡിഫക്റ്റ് ലയബിലിറ്റി പീരിയഡ്) കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും നമ്പറും സഹിതം റോഡില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനൊപ്പം നിര്‍വഹിക്കുമ്പോഴായിരുന്നു ജയസൂര്യയുടെ പരാമര്‍ശം.

‘ഭാര്യയുടെ സ്വര്‍ണം പോലും പണയംവച്ചു പണം കണ്ടെത്തി റോഡ് നികുതിയടയ്ക്കുന്നവരുണ്ട്. അവര്‍ക്കു റോഡില്‍ കിട്ടേണ്ട സൗകര്യം കിട്ടിയേ തീരൂ. അതു ചെയ്യാത്തതിന് മഴ ഉള്‍പ്പെടെ എന്ത് ഒഴിവകഴിവു പറഞ്ഞിട്ടും കാര്യമില്ല. അതു ജനത്തിന് അറിയേണ്ട കാര്യവുമില്ല. മഴയാണു പ്രശ്നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് ഉണ്ടാകില്ല. വാഹനവുമായി മോശം റോഡിലേക്കു പ്രവേശിക്കുമ്പോള്‍ ‘ ഓ കേരളമെത്തി’ എന്നു പറയേണ്ട സ്ഥിതിയാണുള്ളത്. കേരളത്തില്‍ കുണ്ടും കുഴിയുമുള്ള റോഡ് മൂലം എത്രയോ അപകടങ്ങളും മരണങ്ങളുമുണ്ടാകുന്നു. ഇതിനൊക്കെ ആര് സമാധാനം പറയും? കേരളത്തില്‍ പലയിടത്തും കൂണ്‍ പോലെ ടോള്‍ ബൂത്ത് പൊങ്ങുകയാണ്. കാലാവധി കഴിഞ്ഞിട്ടും ജനങ്ങളില്‍നിന്നു പണം പിരിക്കുന്നു. അതു നിയന്ത്രിക്കാനാകണം. ഇവിടെ എല്ലാത്തിനും വില കൂടിയിട്ടും ആളുകളുടെ വരുമാനം മാത്രം കൂടുന്നില്ലെന്നോര്‍ക്കണം.’ എന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

Top