ബഫര്‍സോണ്‍ വിഷയത്തില്‍ ബോധപൂര്‍വമായി ആശങ്ക സൃഷ്ടിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ ബോധപൂര്‍വമായി ആശങ്ക സൃഷ്ടിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. സര്‍ക്കാര്‍ ജനങ്ങള്‍പ്പമാണെന്നും യാതൊരു വിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മന്ത്രി പ്രതികരിച്ചു.അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തിയത് എന്തിനാണെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം കൊണ്ട് പൂര്‍ത്തിയാക്കിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല എന്ന് നേരത്തെ വിഡി സതീശന്‍ പറഞ്ഞിരുന്നു.

പരിസ്ഥിതി ലേല മേഖല നിശ്ചയിക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേഴിക്കോട് നടത്തുന്ന പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് നാല് മണിക്ക് കൂരാചുണ്ടില്‍ നടക്കുന്ന ബഹുജന സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.വിഷയത്തില്‍ മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും ഇന്ന് ബസേലിയോസ് മാര്‍ ക്ലിമിസ് ബാവയെ സന്ദര്‍ശിച്ചിരുന്നു. പട്ടത്തെ ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ക്രിസ്തുമസ് ആശംസയറിയിക്കാനാണ് ബിഷപ്പിനടുത്ത് എത്തിയതെന്നും ബഫര്‍ സോണ്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ കര്‍ദ്ദിനാളിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. വിഴിഞ്ഞം മോഡലില്‍ കര്‍ദിനാളിനെ ഇറക്കി ബഫര്‍സോണ്‍ വിഷയത്തിലും സഭയെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് സൂചന.

Top