ഭൂമി കയ്യേറിയത് കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ സംവാദം നടത്താന്‍ വരുന്നു; എംബി രാജേഷ്

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ മന്ത്രി എംബി രാജേഷ്. ഭൂമി കയ്യേറിയത് കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനാണ് സംവാദം നടത്താന്‍ വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണങ്ങളെല്ലാം അസംബന്ധമാണ്. ഭൂമി കയ്യേറിയത് പിടിക്കപ്പെട്ടല്ലോ, ആദ്യം അതിന് മറുപടി പറയട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വടകരയില്‍ സിപിഐഎം – ബിജെപി ധാരണയെന്ന കെ മുരളീധരന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി പാരമ്പര്യമായി ബന്ധമുള്ളത് കെ മുരളീധരനാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2004 ആവര്‍ത്തിക്കും. പ്രധാനമന്ത്രി കേരളത്തില്‍ എത്തിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്ത് ബിജെപിയുടെ നില ദയനീയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരിമണല്‍ ഖനനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎംആര്‍എല്ലിന് അനുകൂലമായി ഇടപെട്ടുവെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. ഈ വിഷയങ്ങളില്‍ മന്ത്രിമാരായ പി രാജീവും എം ബി രാജേഷും തുറന്ന സംവാദത്തിന് തയ്യാറുണ്ടോയെന്നും മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചിരുന്നു. കുഴല്‍നാടന്റെ വാര്‍ത്താ സമ്മേളനം ചീറ്റിയ പടക്കം പോലെയെന്ന് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചു. വിവാദമായ കമ്പനിക്ക് കേരളത്തിലെ സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ സഹായം മൈനിങ് ലീസാണ്.

2002-ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ നടപടിക്രമങ്ങളുടെ അവസാനഘട്ടമായി മൈനിങ് ലീസ് നല്‍കിയത് 2004-ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Top