പോളിയോ വാക്‌സിനേഷന് കൈകുഞ്ഞുങ്ങളുമായി രക്ഷിതാക്കള്‍ മന്ത്രിയെ കാത്തിരുന്നത് രണ്ട് മണിക്കൂര്‍

ഹോഷിയാര്‍പൂര്‍: പോളിയോ വാക്‌സിനേഷന്‍ ദിവസം കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കാന്‍ മന്ത്രിയെ കാത്തിരുന്നത് രണ്ട് മണിക്കൂര്‍. പഞ്ചാബിലെ ഹോര്‍ഷിയാര്‍പൂരില്‍ പോളിയോ പ്രതിരോധമരുന്ന് വിതരണം ചെയ്യുന്ന ക്യാമ്പില്‍ മുഖ്യാതിഥിയായ ക്യാബിനറ്റ് മന്ത്രി സുന്ദര്‍ ഷാം അറോറ രണ്ടു മണിക്കൂര്‍ വൈകിയെത്തിയതാണ് കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയത്.

രാവിലെ എട്ട് മണിക്കായിരുന്നു മന്ത്രിയെത്തുമെന്ന് അറിയിച്ചിരുന്നത്. ഇതനുസരിച്ച് പ്രതിരോധമരുന്നിനായി കുഞ്ഞുങ്ങളും മാതാപിതാക്കളും കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. എന്നാല്‍ മന്ത്രിയെത്തിയത് 10 മണിക്കാണ്. ഇതോടെ ഏറെ സമയമായി ക്യാമ്പില്‍ കാത്തിരുന്ന കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങി.

പോളിയോ തുള്ളിമരുന്നെടുത്തതിന് ശേഷം തിരികെ വീടുകളിലേക്ക് മടങ്ങുകയാണെന്ന് മാതാപിതാക്കള്‍ സംഘാടകരെ അറിയിച്ചെങ്കിലും മന്ത്രിക്കൊപ്പം ഫോട്ടോയെടുക്കണമെന്നും മന്ത്രി വരുന്നത് വരെ കാത്തിരിക്കണമെന്നും മാതാപിതാക്കളോട് സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം.

എന്നാല്‍ പരിപാടിക്കായി ഈ സമയമല്ല താന്‍ അനുവദിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 9.30 മുതല്‍ 10 മണി വരെയുള്ള സമയത്ത് പരിപാടിയില്‍ എത്തിച്ചേരണമെന്നാണ് തന്നെ അറിയിച്ചതെന്നും യാത്രാമധ്യേ ഒരു തടസ്സം നേരിട്ടതുകൊണ്ട് 10 മിനിറ്റ് വൈകിയതാണെന്നും മന്ത്രിയുടെ ന്യായീകരണം.

Top