ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളില്‍ വിറളി പിടിച്ചവരാണ് ദുഷ്പ്രചാരണം നടത്തുന്നത് : കെ ടി ജലീല്‍

തിരുവനന്തപുരം: മോഡറേഷന്‍ നല്‍കുകയെന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംഭവിക്കുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ കാലാകാലങ്ങളായി അത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പരിഷ്‌കാരങ്ങളില്‍ വിറളി പിടിച്ചവരാണ് സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനുമെതിരായി ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2012ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബി ടെക്ക് പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികളെ ജയിപ്പിക്കുന്നതിനു വേണ്ടി ഇരുപത് മാര്‍ക്കു വരെ മോഡറേഷന്‍ നല്‍കാന്‍ അന്നത്തെ യു ഡി എഫ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു.ഇത്തരത്തില്‍ സമാനമായ സംഭവമാണ് എംജി സര്‍വകലാശാലയിലും നടന്നത്. അതിനെയാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന അടിസ്ഥാനരഹിതമായ ആരോപണമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നതെന്നും മന്ത്രി ആരപോപിച്ചു.

മന്ത്രിയും മന്ത്രിയുടെ ഓഫീസും ഇടപെട്ടതിന് തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷനേതാവിന് കഴിഞ്ഞിട്ടില്ല. ഒരു തരത്തിലുള്ള ഇടപെടലും മന്ത്രിയോ മന്ത്രിയുടെ ഓഫീസോ നടത്തിയിട്ടില്ല.മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തെന്നാണ് ചെന്നിത്തലയുടെ ആരോപണം.

പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ്. മിനിറ്റ്‌സ് എഴുതിയ ആള്‍ക്ക് തെറ്റു പറ്റിയിട്ടുണ്ടാകുമെന്നും മന്ത്രി. യോഗത്തില്‍ ഉണ്ടായിരുന്നെങ്കിലും സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മോഡറേഷന്‍ എപ്പോള്‍ നല്‍കണമെന്ന് സര്‍വകലാശാല നിയമങ്ങളിലില്ല. അടിയന്തര ഘട്ടങ്ങളില്‍ വിസിക്ക് അധികാരം ഉപയോഗിക്കാം. സിന്‍ഡിക്കേറ്റ് തീരുമാനം തെറ്റെങ്കില്‍ ചാന്‍സലര്‍ നടപടി എടുക്കട്ടെയെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

Top