ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീര്‍ണ്ണമായത്, പ്രതികളെ ഉടൻ പിടികൂടും; കെ.എന്‍ ബാലഗോപാല്‍

പാലക്കാട്: കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീര്‍ണ്ണമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. അതാണ് പ്രതികളിലേക്ക് എത്താന്‍ വൈകുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മന്ത്രി പ്രതികരിച്ചു. നവകേരള സദസിന് പാലക്കാടെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണമുണ്ടായത്.

അതേസമയം, കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോയില്‍ സഞ്ചരിച്ചവരുടെ ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ അടിക്കുന്ന ദൃശ്യവും കിട്ടിയിട്ടുണ്ട്.

കേരളം ഞെട്ടിയ തട്ടിക്കൊണ്ട് പോകലില്‍ പല വഴിക്കാണ് അന്വേഷണം നടക്കുന്നത്. പിന്നില്‍ കുഞ്ഞിന് അച്ഛന്‍ റെജിയോട് വൈരാഗ്യമുള്ള ആരെങ്കിലുമാണോ എന്നായിരുന്നു ഒരു ഘട്ടത്തില്‍ പൊലീസ് പരിശോധിച്ചത്. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിലെ താമസസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് ഇവിടെ നിന്നും കിട്ടിയ ഒരു ഫോണ്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ അച്ഛന്‍ നഴ്‌സുമാരുടെ സംഘടനായ യുഎന്‍എയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടാണ്. അച്ഛന്‍ റെജിയുടെ സംഘടനയുമായോ ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. ഈ അന്വേഷണമാണ് നഴ്‌സിംഗ് കെയര്‍ ടേക്കറിലേക്കും റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ഇരകളിലേക്കും എത്തി നില്‍ക്കുന്നത്.

Top