‘കെഎസ്ആര്‍ടിസി ജീവനക്കാര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കും’; കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്ക് എഴുതിയ തുറന്ന് കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ ജീവനക്കാരുടെ ക്ഷേമത്തിനും കെഎസ്ആര്‍ടിസിയുടെ പുരോഗതിക്കും വേണ്ടി സുപ്രധാനമായ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ശമ്പളം, ഇതര ആനുകൂല്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ നിങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതിന് മാറ്റം വരുത്തുന്നതിനായി ശമ്പളം ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുവാന്‍ കഴിയുന്ന സാഹചര്യമൊരുക്കാന്‍ പരിശ്രമിക്കണമെന്നും, നിങ്ങളില്‍ നിന്നും ഈടാക്കുന്ന വിഹിതം കൃത്യമായി പ്രോവിഡണ്ട് ഫണ്ട്, ഇന്‍ഷുറന്‍സ്, കോണ്ട്രിബ്യൂട്ടറി പെന്‍ഷന്‍, സൊസൈറ്റി തുടങ്ങിയവയിലേക്കെല്ലാം വീഴ്ച വരുത്താതെ അടയ്ക്കുന്നതില്‍ വായ്പകള്‍ പരിഗണനയുണ്ടാകണമെന്നുമാണ് അധികാരമേറ്റയുടന്‍ അദ്ദേഹം പറഞ്ഞതെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറഞ്ഞു.

സ്ഥാപനത്തിന്റെ സുരക്ഷിതമായ നിലനില്‍പ്പിന് നിങ്ങളുടെ കൂടി പ്രവര്‍ത്തനവും ആത്മാര്‍ഥമായ സഹകരണവും വിട്ടുവില്ലാ മനോഭാവവും അനിവാര്യമാണ്. ബുദ്ധിമുട്ടുകള്‍ക്ക് ഇടയിലും നിങ്ങളോരോരുത്തരും ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കുമെന്ന് പ്രത്യാശിക്കുന്നു. കടക്കെണികളില്‍ നിന്ന് ക്രമേണയെങ്കിലും കോര്‍പ്പറേഷനെ കരകയറ്റി സ്വയംപര്യാപ്തതയിലേക്ക് നയിക്കുവാനുള്ള പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുവാനാണ് ശ്രമിച്ചുവരുന്നത്.

സ്വാഭാവികമായും അതിന്റേതായ പ്രയാസങ്ങളും നേരിടേണ്ടി വരും. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കിയും സാമ്പത്തികച്ചോര്‍ച്ചകള്‍ തടഞ്ഞും നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും ഈ ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നിങ്ങള്‍ സമാഹരിച്ചു കൊണ്ടുവരുന്ന വരുമാനമാണ് കെഎസ്ആര്‍ടിസിയുടെ പ്രാണവായു. അതില്‍ നിന്ന് ചില്ലിക്കാശു പോലും ചോര്‍ന്നു പോകാതിരിക്കാനും ദുര്‍വിനിയോഗം ചെയ്യാതിരിക്കാനും വേണ്ടിയുള്ള ജാഗ്രതാപൂര്‍വ്വമായ സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. യാത്രക്കാരാണ് യജമാനന്മാര്‍ എന്നുള്ള ഒരു പൊതുബോധം ഓരോ ജീവനക്കാരനിലും ഉണ്ടാകണം. മാന്യവും സുരക്ഷിതവുമായ യാത്ര ചെയ്യാന്‍ അവര്‍ക്ക് അവസരം സൃഷ്ടിക്കണം. സ്ത്രീകളോടും കുട്ടികളോടും വൃദ്ധജനങ്ങളോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കണം. രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകളില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളും അതിനു താഴെ ശ്രേണിയിലുള്ള ബസ്സുകളും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കുവാന്‍ ശ്രദ്ധിക്കണം.

രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയത്ത് സ്ത്രീകളെയും കുട്ടികളെയും അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കാതെ ഇരുട്ടില്‍ ഇറക്കിവിടുന്ന പരാതിയുണ്ടാകരുത്. മോശമായ സമീപനമുണ്ടായാല്‍ കര്‍ശനമായ നടപടിയെടുക്കാന്‍ മാനേജ്‌മെന്റ്‌റ് നിര്‍ബന്ധിതമാവുകയും ചെയ്യും. ഒരാളേ ഉള്ളുവെങ്കില്‍പ്പോലും യാത്രക്കാര്‍ കൈ കാണിച്ചാല്‍ കൃത്യമായി ബസ് നിര്‍ത്തി അവരെ കയറ്റാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ജീവനക്കാരുടെ ക്ഷേമകാര്യങ്ങളെ കുറിച്ചും കത്തില്‍ ഗണേഷ് കുമാര്‍ പരാമര്‍ശിക്കുന്നുണ്ട്.

Top