കോവിഡ്: തിരുവനന്തപുരത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കടകംപള്ളി

തിരുവനന്തപുരം: തലസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഷോപ്പിംഗ് മേഖലകള്‍ കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നഗരസഭ നിരീക്ഷണം കര്‍ശനമാക്കും മന്ത്രി പറഞ്ഞു.

വ്യാപാര മേഖല കോവിഡ് ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. മറ്റ് വ്യാപാര സമുച്ചയങ്ങള്‍ക്കും പ്രധാനപ്പെട്ട കടകളിലും ഒക്കെത്തന്നെ കര്‍ശനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം.കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

പതിനെട്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച വി.എസ്.എസ്.സി.യില്‍ കൂടുതല്‍ പേര്‍ക്ക് പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രോഗം പിടിപ്പെട്ടവരുടെ റൂട്ട് മാപ്പ് പുറത്തിറക്കിയെന്നും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ സ്രവ പരിശോധനയും തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Top