minister K T Jaleel’s statement about diplomatic passport

തിരുവനന്തപുരം: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനം വേദനിപ്പിച്ചെന്ന് മന്ത്രി കെ.ടി.ജലീല്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റാനാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ പരിശ്രമത്തോടുള്ള കേന്ദ്രസമീപനം വേദനിപ്പിച്ചെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ ജോലി നഷ്ടമായി കുടുങ്ങിയ തൊഴിലാളികള്‍ക്കു സഹായമെത്തിക്കാന്‍ ഗള്‍ഫിലേക്ക് പുറപ്പെടാനിരുന്ന മന്ത്രി കെ.ടി.ജലീല്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരുന്നുവെങ്കിലും കാരണം വ്യക്തമാക്കാതെ അനുമതി നിഷേധിക്കുകയായിരുന്നു.

നയതന്ത്ര പാസ്‌പോര്‍ട്ടിന് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വേണം. സൗദി ഭരണകൂടത്തിന്റെയും അനുമതി ആവശ്യമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രിയും തദ്ദേശവകുപ്പു സെക്രട്ടറി വി.കെ.ബേബിയും ഇന്നു സൗദിയിലേക്കു തിരിക്കാനാണു തീരുമാനിച്ചിരുന്നത്.

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്നും ഇന്നു വൈകിട്ടോടെ യാത്ര തിരിക്കാന്‍ കഴിഞ്ഞേക്കുമെന്നും മന്ത്രി വൈകിട്ട് പറഞ്ഞെങ്കിലും രാത്രിയോടെ അനുമതി നിഷേധിച്ച സന്ദേശമെത്തി.

ലേബര്‍ ക്യാംപുകളില്‍ ഔദ്യോഗികമായി സന്ദര്‍ശനം നടത്താന്‍ അനുമതി ലഭിക്കില്ലെങ്കിലും റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ ക്യാംപുകളില്‍ അനൗദ്യോഗികമായെങ്കിലും തൊഴിലാളികളെ കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി നേരത്തേ അറിയിച്ചിരുന്നു.

Top